kate-winslet

വാഷിംഗ്ടൺ: ഹോളിവുഡിന്റെ സൂപ്പർ നായിക കേറ്റ് വിൻസ്ലെറ്റിന്റെ മേർ ഒഫ് ഈസ്റ്റ്ടൗൺ എന്ന സീരിസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന വേളയിൽ എഡിറ്റിംഗ് സമയത്ത് സംഭവിച്ച രസകരമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണവർ. സീരീസിലെ ഒരു കിടപ്പറരംഗത്തിൽ കേറ്റിന്റെ വയർ കാണുന്ന രംഗമുണ്ട്, എന്നാൽ, ചാടിയ വയർ എഡിറ്റ് ചെയ്ത്‌ ഭംഗിയാക്കട്ടെ എന്ന് സംവിധായകനായ ക്രെയ്ഗ് സോബെൽ കേറ്റിനോട് ചോദിച്ചു. എന്നാൽ, കേറ്റ് അതിന് വിസ്സമതിച്ചു.

'ഞാന്‍ മദ്ധ്യവയസ്‌കയായ ഒരു അന്വേഷണ ഉദ്യോഗസ്ഥയുടെകഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ എനിക്ക് 46 വയസ്സ് തികയും. ആളുകൾക്ക് കഥാപാത്രത്തെ ഉൾക്കൊള്ളാൻ കഴിയുന്നത് ഫിൽറ്ററുകൾ ഉപയോഗിക്കാത്തത് കൊണ്ടു കൂടിയാണ്. അവൾ നന്നായി പ്രവര്‍ത്തിക്കുന്ന. അവൾ വ്യക്തിത്വമുള്ള സ്ത്രീയാണ്. അവളുടെ ശരീരം അങ്ങനെയായതിന് പിന്നിൽ ജീവിത സാഹചര്യങ്ങളും പ്രായവുമെല്ലാം ഉണ്ട് - കേറ്റ് വ്യക്തമാക്കി.

കേറ്റിന്റെ കണ്ണിനു ചുറ്റുമുള്ള പാടുകളും ചുളിവുകളും മറ്റും എഡിറ്റ് ചെയ്ത പോസ്റ്ററുകളാണ് സീരീസിന്റേതായി പുറത്തിറങ്ങിയത്. എന്നാൽ, അവ അമിതമായി എഡിറ്റ് ചെയ്തെന്നാണ് കേറ്റ് പറയുന്നത്. എന്റെ കണ്ണിന് അരികിൽ ധാരാളം ചുളിവുകൾ ഉണ്ടെന്ന് എനിക്കറിയാം, അവയൊക്കെ അവിടെ തിരിച്ചു വയ്ക്കൂ എന്നാണ് ഇതിനെക്കുറിച്ച് താരം പറഞ്ഞത്.