smell

കൊവിഡ് തുടങ്ങിയത് മുതൽ ഏറ്റവും ഉയർന്ന് കേട്ട ചോദ്യം ഇതായിരുന്നു; മണമുണ്ടോ, രുചിയുണ്ടോ?

മണമറിയാത്തവർക്ക് രുചിയറിയാനും സാധിക്കണമെന്നില്ല. ഇത് രണ്ടുമില്ലെങ്കിൽ ഇന്നലെവരെ രുചികരമായി കഴിച്ച ഭക്ഷണവിഭവങ്ങൾ 'ചവറാണെന്ന് തോന്നുന്ന 'തായി പരിഭവം പറയുമെന്നതിൽ സംശയം വേണ്ട. ഈ കൊവിഡ് കാലത്ത് അങ്ങനെ പറയുന്നവരെ പിന്നീട് എന്താണ് ചെയ്യുന്നതെന്ന് പറയേണ്ടതില്ലല്ലോ?

ഭാഗികമായി മണമറിയാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോ സ്മിയ.ഒട്ടും മണമറിയുന്നില്ലെങ്കിൽ അത് അനോസ്മിയ. തേയില മണപ്പിച്ചിട്ട് അത് കാപ്പിപ്പൊടിയാണെന്ന് പറയുന്ന വിധം ഒന്ന് മറ്റൊന്നായി തോന്നുന്നത് പരോസ്മിയ. രുചി അറിയാനാകുന്നില്ലെങ്കിൽ അത് അഗ്യൂസിയയും മധുരം,പുളി, കൈപ്പ്, ഉപ്പ് എന്നീ രുചികൾ അറിയാൻ കഴിയാതെ,​ എല്ലാം ഒരേ രുചിയാണെന്ന് തോന്നുന്നത്
ഹൈപ്പോഗ്യൂസിയയും ചില രുചികൾ മറ്റു പല രുചികളുമായി തോന്നുന്നത് ഡിസ്ഗ്യൂസിയയുമാണ്. ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുമെന്നാണെങ്കിൽ കൊവിഡ് കാലമല്ലേ,​ ഇതൊക്കെയല്ലേ ഇപ്പോൾ ചർച്ചാവിഷയം?കൊവിഡ് പോട്ടെ,​ ഒരു ജലദോഷമുണ്ടായാൽ പോലും നമ്മൾ ആദ്യം മനസ്സുവച്ച് നിരീക്ഷിക്കുന്നത് ഇതൊക്കെത്തന്നെയല്ലേ?

മണവും രുചിയും അറിയാത്തത് ജീവിതനിലവാരത്തേയും ബാധിക്കുമെന്നതാണ് യാഥാർത്ഥ്യം. ആഹാരം തിരഞ്ഞെടുക്കുന്നതിനെയും കഴിക്കുന്ന അളവിനേയും ബാധിക്കുമെന്നതിനാൽ ശരീരം മെലിച്ചിൽ, പോഷണക്കുറവ്, രോഗപ്രതിരോധ ശേഷിക്കുറവ്, പല രോഗങ്ങളുടെയും വർദ്ധന, അമിതമായി ഉപ്പും മധുരവും ഉപയോഗിച്ച് പുതിയ രോഗങ്ങൾ കൂടി ക്ഷണിച്ചുവരുത്തുക എന്നിവ സംഭവിക്കാം. ഇതേ കാരണത്താൽ രക്തസമ്മർദ്ദവും പ്രമേഹവും വർദ്ധിച്ചെന്നും വരാം.

കൊവിഡ് 19, ജലദോഷം, പനി, സൈനസൈറ്റിസ്, അലർജി കാരണമുള്ളതുമ്മലും അനുബന്ധപ്രശ്നങ്ങളും, തലച്ചോറിനേൽക്കുന്ന ക്ഷതങ്ങൾ, നിസാർശസ്സ്, ചില രാസസംയുക്തങ്ങളുമായുള്ള പ്രശ്നങ്ങൾ, തലയിലും കഴുത്തിലുമുള്ള കാൻസർ രോഗങ്ങളിൽ ചെയ്യുന്ന റേഡിയേഷൻ, പുകവലി, മൂക്കിലൂടെ വലിച്ചുകയറ്റുന്ന മയക്കുമരുന്നുകളുടെ ഉപയോഗം, വായ്ക്കുള്ളിലെ അണുബാധ, കൃതൃമദന്തങ്ങളും അനുബന്ധ വസ്തുക്കളും എന്നിവയെല്ലാം മണവും രുചിയും അറിയാത്ത അവസ്ഥ ഉണ്ടാക്കുന്നവയാണ്. പ്രായം കൂടിവരുമ്പോഴും ഇങ്ങനെ മണവും രുചിയും കുറച്ചൊക്കെ നഷ്ടപ്പെട്ടെന്നിരിക്കും. ചില ശ്വാസകോശരോഗങ്ങളും തലയിലേൽക്കുന്ന ക്ഷതവുമുള്ളവരിൽ ഇല്ലാത്ത ഗന്ധങ്ങൾ ഉണ്ടെന്ന് പറയുന്ന ചിലരെയും കാണാം. ഇത്തരമാൾക്കാരിൽ പാർക്കിൻസോണിസം, ബ്രെയിൻ ട്യൂമർ, വർദ്ധിച്ച സൈനസൈറ്റിസ്, അപസ്മാരം എന്നിവകൂടിയുണ്ടെങ്കിൽ ഇങ്ങനെ തോന്നാനുള്ള സാദ്ധ്യത വീണ്ടും വർദ്ധിക്കുന്നു. ചിലർക്ക് മൈഗ്രയിൻ തലവേദന ആരംഭിക്കുമ്പോഴും ഇതേ ലക്ഷണം തോന്നിയേക്കാം. ഫാന്റോസ്മിയ എന്ന ഈ അവസ്ഥ ചിലരിൽ സ്വയം ശമിക്കുകയാണ് പതിവ്.

മൂക്കടപ്പ് മാറ്റാനായി സ്പ്രേ ചെയ്യുന്ന മരുന്നുകളും സാധാരണ ഉപയോഗത്തിലുള്ള ആന്റിബയോട്ടിക് ആന്റി ഹിസ്റ്റമിൻ മരുന്നുകളും സ്ഥിരമായി മണമറിയാൻ കഴിയാത്ത അവസ്ഥയുണ്ടാക്കാറുണ്ട്.

താൽക്കാലികമായി ഗന്ധം നഷ്ടപ്പെടുന്നവരിൽ വെള്ളം ആവശ്യത്തിന് കുടിക്കുന്നതിലൂടെ രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ശമനമുണ്ടാകാം. അല്ലെങ്കിൽ അടുത്ത ഒരു ജലദോഷംകൂടി ഉണ്ടാകുന്ന മുറയ്ക്ക് താൽക്കാലികമായി നഷ്ടപ്പെട്ട ഗന്ധം തിരികെ കിട്ടാറുമുണ്ട്. ചിലരിൽ ആഴ്ചകളോ മാസങ്ങളോ വരെയെടുക്കും നഷ്ടപ്പെട്ട ഗന്ധം തിരികെ കിട്ടാൻ.

മണവും രുചിയും അറിയാതിരിക്കുന്നതിന് കാരണമായ രോഗാവസ്ഥയ്ക്ക് ചികിത്സ ആവശ്യമാണ്. മൂക്കിനുള്ളിലെ തടസ്സങ്ങളും പരിഹരിക്കേണ്ടിവരും. അന്യവസ്തുക്കളുണ്ടെങ്കിൽ നീക്കംചെയ്യണം. സൈനസൈറ്റിസിനും പരിഹാരമുണ്ടാക്കണം. പ്രത്യേകം നിർമ്മിച്ച ചൂർണ്ണങ്ങൾ മണപ്പിക്കുക, ധൂമവർത്തി അഥവാ ഔഷധത്തിരിയിൽ നിന്നുള്ള പുക മണപ്പിക്കുക, മൂക്കിൽ മരുന്നിറ്റിക്കുക, ലേഹ്യം നാവിൽ തേച്ച് അലിയിച്ച് കഴിക്കുക,ചൂർണ്ണമോ ഗ്രാന്യൂൽസോ ചവച്ച് അലിയിച്ചിറക്കുക തുടങ്ങിയ വളരെ എളുപ്പമുള്ള മാർഗ്ഗങ്ങളുപയോഗിച്ച് 'ഒരു നാഴിക മുമ്പേ' വലിയ ചെലവില്ലാതെ ഫലം കാണാൻ ആയുർവേദ ചികിത്സ കൊണ്ട് സാധിക്കും.