sumit-malik

ന്യൂഡൽഹി: അടുത്തമാസം ആരംഭിക്കുന്ന ഒളിമ്പിക്‌സിന് വേണ്ടിയുള‌ള തയ്യാറെടുപ്പിലായിരുന്ന ഗുസ്തിതാരവും അർജുന അവാർഡ് ജേതാവുമായ സുമിത് മാലിക്ക് ഉത്തേജകമരുന്ന് വിവാദത്തിൽ. 2018 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ സുമിത് 125 കിലോഗ്രാം വിഭാഗത്തിലാണ് ഒളിമ്പിക്ക് യോഗ്യത നേടിയത്. അടുത്ത മാസം 23ന് ബൾഗേറിയയിൽ വച്ചാണ് ഒളിമ്പിക്ക് മത്സരങ്ങൾ നടക്കുന്നത്.

പരിശീലനത്തിനിടെയുണ്ടായ പരിക്കിനെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്ന സുമിത് കഴിഞ്ഞ മാസം സോഫിയയിൽ വച്ച് നടന്ന യോഗ്യതാ മത്സരങ്ങളിൽ വച്ചാണ് ഒളിമ്പിക്ക് യോഗ്യത നേടുന്നത്. അതിനു മുമ്പ് രണ്ടു തവണ ശ്രമിച്ചിരുന്നെങ്കിലും പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. ഇപ്പോഴും പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലാത്ത സുമിത് കാൽമുട്ടിലെ പരിക്ക് പൂർണ്ണമായും ഭേദമാകുന്നതിനു വേണ്ടി പോളണ്ടിൽ നടക്കുന്ന പരിശീലന ടൂർണമെന്റിൽ നിന്നും പിന്മാറിയിരുന്നു.

ചികിത്സാ കാലയളവിൽ ഒരു പക്ഷെ സുമിത് ഏതെങ്കിലും നിരോധിത മരുന്ന് ഉപയോഗിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് റെസ്ലിങ്ങ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പ്രതിനിധി പറഞ്ഞു.പരിശോധന സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്നും സുമിത് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടുവെന്ന സന്ദേശം മാത്രമാണ് തങ്ങൾക്ക് ലഭിച്ചിട്ടുള‌ളതെന്നും റെസ്ലിങ്ങ് ഫെഡറേഷൻ ഒഫ് ഇന്ത്യ പ്രതിനിധികൾ കൂട്ടിച്ചേർത്തു.

സുമിതിന്റെ എ സാമ്പിൾ മാത്രമാണ് ഇപ്പോൾ പരിശോധിച്ചിട്ടുള‌ളത്. ബി സാമ്പിൾ ജൂൺ10ന് പരിശോധിക്കും. അതും പോസിറ്റീവ് ആയാൽ 28കാരനായ സുമിതിനെതിരെ വിലക്ക് ഉൾപ്പെടെയുള‌ള കടുത്ത നടപടികൾ വന്നേക്കാം. വിലക്കിനെതിരെ അപ്പീലിനുപോകാൻ സാധിക്കുമെങ്കിലും അതിന്മേലുള‌ള തീരുമാനം വരുമ്പോഴേക്കും ഒളിമ്പിക്സ് അവസാനിച്ചിരിക്കും. അതിനാൽതന്നെ താരത്തിന്റെ ഒളിമ്പിക്ക് സ്വപ്നങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടാണ്.