ന്യൂഡൽഹി: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം 9.5 ശതമാനം വളർച്ചയാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 10.5 ശതമാനമാണ് ആദ്യം പ്രതീക്ഷിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയുടെ സ്വാധീനം മൂലം അത് കുറയുമെന്നാണ് വിലയിരുത്തൽ. ഉപഭോക്തൃ വിലസൂചികയിൽ 5.1ശതമാനം വർദ്ധന പ്രതീക്ഷിക്കുന്നു. റിപ്പോ നിരക്ക് നാലു ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. കൊവിഡ് രണ്ടാം തരംഗം നേരിടുന്ന സാഹചര്യത്തിലാണ് ധനനയ യോഗത്തിന്റെ തീരുമാനം. റിസർവ് ബാങ്ക് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. റിസർവ് ബാങ്കിന് നൽകുന്ന വായ്പയുടെ പലിശ നിരക്കാണ് റിവേഴ്സ് റിപ്പോ. 2020 മേയിലാണ് നേരത്തേ പലിശ നിരക്കിൽ മാറ്റം വരുത്തിയത്.
അതേസമയം നല്ല മഴയുടെ ലഭ്യത കാർഷിക മേഖലയെ സ്വാധീനിക്കുന്നതും കൊവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമാകുന്നതു വഴി ആഗോളതലത്തിലുണ്ടാകുന്ന സാമ്പത്തിക അനുകൂല തരംഗവും ഗുണകരമാകുമെന്ന് ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ മൂലം നഗരങ്ങളിലെ സാമ്പത്തിക ഇടപാടുകൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ വാക്സിനേഷനിലുണ്ടായ പുരോഗതി വരും മാസങ്ങളിൽ വിപണിയെ കരകയറ്റുമെന്നാണ് പ്രതീക്ഷ. ആഗോള വ്യാപാര രംഗത്തെ തിരിച്ചുവരവ് കയറ്റുമതിക്ക് അനുകൂലമാണ്.
വായ്പാ പരിധി 50 കോടി
ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിന് പ്രഖ്യാപിച്ച 16,000 കോടിയുടെ സിഡ്ബി പദ്ധതി തുടരും. 50 കോടി വരെ വായ്പയെടുത്തവർക്ക് ഇതിലൂടെ ആനുകൂല്യം ലഭിക്കും. നേരത്തേ 25 കോടിയായിരുന്നു വായ്പാ പരിധി. അതേസമയം, കൊവിഡ് ആദ്യതരംഗത്തപ്പോലെ രണ്ടാം തരംഗം സമ്പദ്വ്യവസ്ഥയെ പിടിച്ചുകുലുക്കിയില്ലെന്ന് ഗവർണർ പറഞ്ഞു.
ഇവ തുടരും
റിപ്പോ നിരക്ക് : 4 %
റിവേഴ്സ് റിപ്പോ നിരക്ക് 3.35%
16,000 കോടിയുടെ സിഡ്ബി പദ്ധതി