paxton-smith

വാഷിംഗ്ടൺ: ബിരുദം വിജയകരമായി പൂർത്തിയായതിന്റെ സന്തോഷമായിരുന്നില്ല പാക്‌സ്റ്റൺ സ്മിത്തെന്ന ടെക്സാസുകാരിയുടെ കണ്ണുകളിൽ ജ്വലിച്ച് നിന്നത് പകരം, അവകാശങ്ങൾക്കായി പൊരുതുന്ന ധീര വനിതയുടെ ആത്മരോക്ഷമായിരുന്നു. ടെക്‌സാസിലെ ലേയ്ക്ക് ഹൈലാൻഡ് ഹൈസ്‌കൂളിലെ ബിരുദദാന ചടങ്ങിനിടെ പാക്സ്റ്റൺ നടത്തിയ പ്രസംഗമിപ്പോൾ വൈറലാണ്.

ബിരുദം ലഭിച്ചതിനെക്കുറിച്ചല്ല പകരം ഗര്‍ഭച്ഛിദ്ര അവകാശം നിയമവിധേയമാക്കണമെന്ന ആവശ്യമാണ് അവൾ പ്രസംഗത്തിൽ ഉന്നയിച്ചത്. ടെക്‌സാസ് ഗവർണർ ഗെർഗ്ഗ് അബോട്ട് കഴിഞ്ഞ മാസം ഒപ്പുവച്ച ഹാർട്ട് ബീറ്റ് ബിൽ എല്ലാ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങൾക്കും ശരീരത്തിനും എതിരായ യുദ്ധപ്രഖ്യാപനമാണെന്ന് പാക്‌സ്റ്റൺ പറഞ്ഞു.

എന്റെ ശരീരത്തിനും അവകാശങ്ങൾക്കുമെതിരെ ഒരു യുദ്ധം നടക്കുമ്പോൾ സമാധാനവും ആത്മസംതൃപ്തിയും പ്രകടിപ്പിക്കേണ്ട ഈ വേദി എനിക്ക് ഒഴിവാക്കാനാവില്ല. ആ യുദ്ധം നമ്മുടെ അമ്മമാരുടെ അവകാശങ്ങൾക്ക് എതിരാണ്, സഹോദരിമാരുടെ, പെൺമക്കളുടെ എല്ലാം അവകാശങ്ങൾക്കെതിരാണ്. നമുക്ക് നിശബ്ദരായിരിക്കാൻ കഴിയില്ല - പാക്സ്റ്റൺ പറഞ്ഞു. നിരവധിപ്പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പാക്‌സ്റ്റണെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.

@ പരിശോധനയിൽ ഗർഭസ്ഥശിശുവിന്റെ ഒരു ഹൃദയമിടുപ്പെങ്കിലും കേൾക്കുന്നുണ്ടെങ്കിൽ അത് എന്ത് സാഹചര്യമായാലും ഗർഭച്ഛിദ്രം അനുവദിക്കാനാവില്ല എന്നാണ് ബില്ലിൽ പറയുന്നത്. ഗർഭച്ഛിദ്രം നടത്തുകയോ നടത്താൻ സഹായിക്കുകയോ ചെയ്താൽ പതിനായിരം ഡോളറാണ് പിഴ.