തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മാദ്ധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കാർട്ടൂണിനുളള അവാർഡ് കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ സുജിത്ത് നേടി. അച്ഛാദിൻ എന്ന കാർട്ടൂണിനാണ് അവാർഡ് ലഭിച്ചത്.
തൃശൂർ തിരുമിറ്റക്കോട് വീട്ടിൽ പരേതനായ ടി.ആർ കുമാരന്റേയും പി.ആർ തങ്കമണിയുടേയും മകനായ ടി.കെ.സുജിത്തിന് ലഭിക്കുന്ന പത്താമത്തെ സംസ്ഥാന മാധ്യമ അവാർഡാണിത്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കാർട്ടൂണിസ്‌റ്റിസിന്റെ മായാ കാമത്ത് ദേശീയ പുരസ്‌കാരം,മീഡിയ അക്കാദമി ഫെലോഷിപ്പ്,കേരള ലളിതകലാ അക്കാദമി പുരസ്‌കാരം തുടങ്ങി കാർട്ടൂണിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയായ നമിതയാണ് ഭാര്യ.തിരുമല അബ്രഹാം മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥി അമൽ,കോട്ടൺ ഹിൽ ഗേൾസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഉമ എന്നിവർ മക്കളാണ്.
അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ അനു എബ്രഹാമിനാണ് അവാർഡ്. മലയാള മനോരമ ചീഫ് റിപ്പോർട്ടർ എസ്. വി. രാജേഷിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുളള അവാർഡ്. ജനയുഗം ഫോട്ടോഗ്രാഫർ വി.എൻ. കൃഷ്ണപ്രകാശിനാണ് ന്യൂസ് ഫോട്ടോഗ്രഫി അവാർഡ്. ജനറൽ റിപ്പോർട്ടിംഗിൽ മാതൃഭൂമി സബ് എഡിറ്റർ നിലീന അത്തോളിക്ക് സ്‌പെഷ്യൽ ജൂറി അവാർഡ് ലഭിച്ചു.
ടിവി ന്യൂസ് റിപ്പോർട്ടിംഗിനുളള അവാർഡ് മനോരമ ന്യൂസ് സീനിയർ കറസ്‌പോണ്ടന്റ് ബിജി തോമസിനാണ്.വനിത ബൈക്ക് റൈഡറിനെക്കുറിച്ചുളള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ സബ് എഡിറ്റർ റിനി രവീന്ദ്രന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്.
ടിവി അഭിമുഖത്തിനുളള അവാർഡ് മാതൃഭൂമി ന്യൂസിലെ സീനിയർ സബ് എഡിറ്റർ റിബിൻ രാജുവിനാണ്. റോക്കിംഗ് സ്റ്റാർ എന്ന പേരിൽ ഹരീഷ് ശിവരാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന് 24 അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ടി. എം ഹർഷന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
സാമൂഹ്യശാക്തീകരണ റിപ്പോർട്ടിനുള്ള അവാർഡ് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രനാണ്. ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോർട്ടർ എം. മനുശങ്കറിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന ഏറ്റുമുട്ടൽ കവർ ചെയ്ത മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജെ. വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാർഡ്. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം. ഷമീറിന് പ്രത്യേക ജൂറി പരാമാർശം ലഭിച്ചു.
വനിത ബൈക്ക് റൈഡറിനെക്കുറിച്ചുള്ള വാർത്ത മികച്ച രീതിയിൽ എഡിറ്റ് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിലെ എഡിറ്റർ ഷഫീഖ് ഖാനാണ് ടിവി എഡിറ്റിംഗ് അവാർഡ്. ഒരു പക്ഷി ജീവിതത്തെ നാളുകൾ കൊണ്ട് പകർത്തിയ മികവിന് മനോരമ ന്യൂസ് വീഡിയോ എഡിറ്റർ അരുൺ വിൻസെന്റിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് ബ്രോഡ്കാസ്റ്റിംഗ് ജേർണലിസ്റ്റ് സുജയ പാർവതിക്കാണ് ടിവി ന്യൂസ് റീഡിംഗ് അവാർഡ്. ലീൻ ബി. ജെസ്മസ്, ഡോ. പി. ജെ. വിൻസെന്റ്, ഉഷ എസ്. നായർ എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്.
ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, ഫോട്ടോഗ്രഫി അവാർഡുകൾ മലയിൻകീഴ് ഗോപാലകൃഷ്ണൻ, കെ. ബാലചന്ദ്രൻ, കെ. എ. ബീന എന്നിവരടങ്ങിയ ജൂറിയാണ് നിർണയിച്ചത്. കൃഷ്ണ പൂജപ്പുര, എം. എസ്. ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു കാർട്ടൂൺ ജൂറി.