ordinance-kerala

ന്യൂഡൽഹി: കൊവിഡ് പടർന്നു പിടിച്ച 2020ൽ കേരളം 81 ഓർഡിനൻസുകൾ പുറത്തിറക്കിയതായി റിപ്പോർട്ട്. ഇക്കാലയളവിൽ കർണാടക 24, ഉത്തർപ്രദേശ് 23, മഹാരാഷ്ട്ര 21, ആന്ധ്രാപ്രദേശ് 16 എന്നിങ്ങനെ ഓർഡിനൻസുകൾ പുറപ്പെടുവിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പി.ആർ.എസ് ലെജിസ്ലേറ്റീവാണ് ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയത്.

ഈ 81 ഓർഡിനൻസുകളിൽ പലതും സർക്കാർ പുനപ്രസിദ്ധീകരിച്ചവയാണ്. ഓർഡിനൻസ് കാലാവധി കഴിഞ്ഞ് അസാധുവാകുന്നത് തടയാനായി ഇവ പുനപ്രസിദ്ധീകരിക്കുന്നത് ഭരണഘടനയോടുളള വെല്ലുവിളിയാണെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ബില്ലുകൾ പാസാക്കുന്നതിന് സംസ്ഥാന അസംബ്ലികൾ എടുത്ത സമയവും പി.ആർ.എസ് വിശകലകനം ചെയ്തു. നിയമസഭകൾ വിശദമായ പരിശോധനയില്ലാതെ മിക്ക ബില്ലുകളും പാസാക്കിയതായി റിപ്പോർട്ട് പറയുന്നു.

നിയമനിർമ്മാണ സഭയ്ക്കുപകരം കാര്യനിർവ്വഹണ വിഭാഗം അഥവാ ഗവൺമെന്റ് നിർമ്മിക്കുന്ന നിയമങ്ങളെയാണ് ഓർഡിനൻസ് എന്ന് പറയുന്നത്. പാർലമെൻറ്/ സംസ്ഥാന നിയമസഭ അവയുടെ അടുത്ത സമ്മേളനം തുടങ്ങി ആറ് ആഴ്ചക്കുള്ളിൽ ഇതിന് അംഗീകാരം നൽകിയിരിക്കണമെന്ന് ഭരണഘടന നിഷ്കർഷിക്കുന്നു. അല്ലാത്ത പക്ഷം അത് അസാധുവായിത്തീരും. നിയമനിർമ്മാണ സഭകളുടെ സമ്മേളനം നടക്കുമ്പോൾ ഓർഡിനൻസുകൾ പുറപ്പെടുവിക്കാൻ പാടില്ല.