p

ലണ്ടൻ: 12നും 15നും ഇടയിൽ പ്രായമുള്ളവരിൽ ഫൈസർ വാക്​സിൻ സുരക്ഷിതമാണെന്ന്​ ബ്രിട്ടനിലെ മെഡിസിൻസ് ആൻഡ്​ ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി​ അറിയിച്ചു. രണ്ട് ഡോസ്​ വാക്​സിനും എടുക്കാൻ എം‌.എച്ച്‌.ആർ.‌എ അംഗീകാരം നൽകി.കുട്ടികളിലെ പരീക്ഷണ ഫലങ്ങൾ ഞങ്ങൾ ശ്രദ്ധാപൂർവം അവലോകനം ചെയ്തു. ഈ പ്രായത്തിലുള്ളവർക്ക് ഫൈസർ സുരക്ഷിതവും ഫലപ്രദവുമാണ്​. കൊവിഡിനെ പ്രതിരോധിക്കാനും ഫൈസറിന് സാധിക്കുന്നുണ്ട്​' -എം.എച്ച്​.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ജൂൺ റെയിൻ പറഞ്ഞു. ബ്രിട്ടനിലെ പ്രതിരോധ കുത്തിവയ്പ്​ സംബന്ധിച്ച സർക്കാർ സമിതിയാണ്​ കുട്ടികൾക്ക് വാക്​സിൻ നൽകണോ, എപ്പോൾ​ നൽകണം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നത്.

സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി എന്നീ മാനദണ്ഡങ്ങൾ വാക്​സിൻ പാലിക്കുന്നുണ്ടെന്ന്​ അധികൃതർ അറിയിച്ചു. നേരത്തെ യൂറോപ്യൻ യൂണിയനും അമേരിക്കയും ഫൈസർ ഈ ​പ്രായക്കാരിൽ സുരക്ഷിതമാണെന്ന്​ അറിയിച്ചിരുന്നു. ഇ.യു 12-15 വയസ്സുകാരിൽ വാക്​സിനേഷൻ ഉടൻ ആരംഭിക്കും. അമേരിക്കയിൽ കൗമാരക്കാർക്ക് വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്.