representational-image

കാണാൻ കഴിയില്ല. പക്ഷെ വില 18,000 ഡോളർ(13.36 ലക്ഷം രൂപ). ഒരു ഇറ്റാലിയൻ ശില്പി നിർമിച്ച പ്രതിമയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇറ്റാലിയൻ കലാകാരനായ സാൽവതോർ ഗരൗ ആണ് തന്റെ 'ഐ ആം(ഇറ്റാലിയനിൽ ലൊ സൊനോ)' എന്ന അദൃശ്യമായ ശില്പം 13 ലക്ഷത്തിലധികം രൂപയ്ക്ക് വിൽപ്പന ചെയ്തത്. അജ്ഞാതനായ ഒരാൾക്ക് ഈ പ്രതിമ വിറ്റ സാൽവതോർ പ്രതിമ യാഥാർത്ഥമാണെന്ന് സമർത്ഥിക്കുന്ന ഒരു രേഖയും നൽകുകയുണ്ടായി.

salvatore-garau

ഇറ്റാലിയൻ ഓക്ഷൻ ഹൗസായ ആർട്ട് റൈറ്റ് ആണ് ഈ അതിവിചിത്രമായ സംഭവത്തിന് വേദിയൊരുക്കിയത്. 7000 മുതൽ 11,000 ഡോളർ വരെ വില നിശ്ചയിച്ച ശിൽപ്പത്തിന്റെ വില, ലേലം വിളിക്കൊടുവിൽ 18,000മായി ഉയരുകയായിരുന്നു. കലാസൃഷ്ടികൾക്ക് സ്വതവേ കണക്കാക്കുന്ന മൂല്യം പരിഗണിക്കുമ്പോൾ ഇത് അത്ര വലിയ തുകയല്ലെങ്കിലും, കാണാൻ സാധിക്കാത്ത ഒരു പ്രതിമയ്ക്ക് ഈ വില നൽകേണ്ടി വരികയെന്നത് തീർച്ചയായും വിചിത്രമായ സംഗതിയാണ്.

തന്റെ ശിൽപ്പത്തെ സാൽവതോർ 'ഊർജ്ജം നിറഞ്ഞ ശൂന്യത' എന്നാണ് വിശേഷിപ്പിക്കുന്നത്. ജർമ്മൻ ഊർജ്ജതന്ത്രജ്ഞനായ വെർണർ ഹൈസൻബെർഗിന്റെ 'അൺസർട്ടണിറ്റി പ്രിൻസിപ്പളു'മായാണ് ശിൽപ്പത്തെ അദ്ദേഹം ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

വിൽപ്പനയ്ക്ക് പിന്നാലെ സാൽവതോറിന്റെ 'ശിൽപ്പം' ഒരു രീതിയിലും ഒരു കലാസൃഷ്ടി അല്ലെന്നും അത്‌ ഇത്രയും വിലനൽകി വാങ്ങേണ്ട ആവശ്യമില്ലെന്നും വിമർശനം വന്നു. എന്നാൽ 'കാണാൻ കഴിയാത്ത ദൈവത്തിൽ മനുഷ്യർ വിശ്വസിക്കുന്നുണ്ടല്ലോ'-എന്ന് പറഞ്ഞുകൊണ്ട് ശില്പി തന്റെ പ്രതിമയെ ന്യായീകരിക്കുകയായിരുന്നു. ഇതിനു മുമ്പും സാൽവതോർ കാണാൻ കഴിയാത്ത പ്രതിമകൾ വിൽപ്പന ചെയ്തിട്ടുണ്ട്.