lion

ചെന്നൈ: ചെന്നൈയിലെ വണ്ടല്ലൂർ സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച് ഒരു സിംഹം ചത്തു. നീല എന്നു പേരുള്ള ഒമ്പത് വയസുള്ള പെൺസിംഹമാണ് ചത്തത്.

മറ്റ് ഒമ്പത് സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 13 സിംഹങ്ങളാണ് ഇവിടെയുള്ളത്.

ചത്ത സിംഹത്തിന് ഒരാഴ്ചയായി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൊവിഡ് ബാധിച്ചിരുന്നതായി പിന്നീട് പരിശോധനയിൽ തെളിഞ്ഞുവെന്നും തമിഴ്നാട് വനം-വന്യജീവി വകുപ്പിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.

സംസ്ഥാന സർക്കാർ കൊവിഡ് നിയന്ത്രങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. വേണ്ട മുൻകരുതലുകളും എടുത്തിരുന്നു. എന്നിട്ടും എങ്ങനെയാണ് സിംഹങ്ങൾക്ക് രോഗം ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.

കൊവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ നേരത്തെ ചില മൃഗങ്ങൾക്ക് രോഗം ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിന്റെ മാർഗനിർദ്ദേശവും ലഭിച്ചിരുന്നു.