covid-in-india

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് രോഗവ്യാപനത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെകുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്. ഇതോടൊപ്പം രോഗമുക്തി നിരക്ക് ഉയരുന്നത് പ്രതീക്ഷ നൽകുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

മേയ് മാസം ഏഴാം തീയതിയിലെ കണക്കുമായി തട്ടിച്ചുനോക്കിയാണ് കേന്ദ്രം ഈ നിഗമനത്തിലെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ ദിവസമാണ്. മേയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

പുതിയ കേസുകളില്‍ 66 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണ്. ബാക്കി 31 സംസ്ഥാന, കേന്ദ്രഭരണ, പ്രദേശങ്ങളിലാണ് ബാക്കി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുന്നുണ്ട് എന്നതാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.

22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്സിൻ നൽകിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ.

60 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനം പേരും ഒരു ഡോസ് വാക്‌സീന്‍ സ്വീകരിച്ചതായും കേന്ദ്രം പറയുന്നു. രോഗമുക്തി നിരക്ക് 93 ശതമാനം പിന്നിട്ടു. രാജ്യത്ത് 377 ജില്ലകളില്‍ അഞ്ചുശതമാനത്തില്‍ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും കേന്ദ്ര സർക്കാർ പറഞ്ഞു.

content details: covid cases in india goes down says central government.