bjp

തിരുവനന്തപുരം: ഹിന്ദു സമുദായത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാ​ഗങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ്ഥാന സർക്കാർ കമ്മിഷനെ നിയമിക്കണമെന്ന് ബി.ജെ.പി. മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ പാലൊളി കമ്മിറ്റിയും ക്രിസ്ത്യന്‍ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കെ.ബി.കോശി കമ്മിഷനെയും നിയമിച്ചതിന് സമാനമായ നടപടി വേണമെന്നാണ് ആവശ്യം. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹെെക്കോടതി വിധിയെത്തുടർന്ന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോ​ഗത്തിലാണ് ബി.ജെ.പി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് സര്‍വ്വ കക്ഷിയോഗത്തില്‍ ബി.ജെ.പി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ജില്ലാതല സമിതിയില്‍ കേരളത്തിലെ ആറു ജില്ലകളില്‍ മാത്രമെ ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ളൂ. ഇത് വിവേചനമാണെന്നും എത്രയും പെട്ടെന്ന് തിരുത്തണമെന്നും ബി.ജെ.പിയ്ക്ക് വേണ്ടി യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ജനസംഖ്യാ ആനുപാതികമായി നല്‍കണം. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള കോച്ചിംഗ് സെന്ററുകള്‍ക്ക് കേരളത്തില്‍ ഒരു മതത്തിന്റെ മാത്രം കോച്ചിംഗ് സെന്റര്‍ എന്ന നിലയ്ക്കാണ് പേരു നല്‍കിയിരിക്കുന്നത്. അത് ന്യൂനപക്ഷ വിദ്യാര്‍ത്ഥി കോച്ചിംഗ് സെന്റര്‍ എന്നാക്കി മാറ്റണം. കേരളത്തിലെ ക്രെെസ്തവ സമുദായത്തിന്റെ സമഗ്ര വികസനത്തിന് കര്‍ണാടക മോഡലില്‍ ക്രിസ്ത്യന്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.