തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യും. നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ദിപിന് പൊലീസ് നോട്ടിസയച്ചു . കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ച ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചതായി റിപ്പോർട്ടുണ്ട്. ഇവിടെ സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് എഫ്.ഐ.ആർ ശേഖരിച്ച ഇ.ഡി അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തലുകളും പരിശോധിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് 10 ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതിയും ഇഡിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ബി.ജെ.പി നേതാക്കൾ സംശയ നിഴലിലുള്ള കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്സ്മെന്‍റ് അന്വേഷണം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.