തിരുവനന്തപുരം: ആർ. ബാലകൃഷ്ണ പിളളയുടെ സ്മാരകത്തിനുനേരെ ആദ്യം കല്ലെറിയുന്നത് ഞാനായിരിക്കുമെന്ന് ദേശാഭിമാനിയുടെ മുൻ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരൻ. അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. കേരള രാഷ്ട്രീയത്തിന്റെ അഴുക്കുചാലില്‍ മാത്രം സഞ്ചരിച്ച നേതാവാണ് അദ്ദേഹമെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
പിളളയുടെ പേരില്‍ സ്മാരകം പണിയാന്‍ ഇ.എം.എസിന്റെയും എം.എന്‍. ഗോവിന്ദന്‍ നായരുടെയും സി. അച്ചുതമേനോന്റെയും പാര്‍ട്ടികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഗതാഗത മന്ത്രിയായിരുന്നപ്പോഴും അൽപ്പ ശമ്പളക്കാരായ ആയിരക്കണക്കിനു പാവപ്പെട്ട സ്ത്രീ ജീവനക്കാരെയടക്കം തെക്ക് വടക്ക് സ്ഥലംമാറ്റി ക്രൂരമായി പകപോക്കിയ ഈ മാടമ്പിയെ "സ്നേഹം" കൊണ്ട് സ്മാരകമുണ്ടാക്കി ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് അപമാനമാണ്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഈ മാടമ്പിക്കെതിരെ നേര്‍ക്കുനേര്‍ പൊരുതി പലവട്ടം മുട്ടുകുത്തിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.
പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ച് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ ഏഴ് മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനും. അതാണ് ഹൈക്കോടതി ഈ മാടമ്പിയെ മന്ത്രിപദത്തില്‍ നിന്ന് താഴെ ഇറക്കാന്‍ വഴിയൊരുക്കിയത്. ഇദ്ദേഹത്തിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്ന് പണം എടുത്ത് കേരളത്തില്‍ എവിടെയെങ്കിലും ഇടതുപക്ഷ മന്ത്രിസഭ സ്മാരകം ഉയര്‍ത്തിയാല്‍, അന്ന് ജീവനോടെ ഇരുപ്പുണ്ടെങ്കില്‍ അതിനു നേരെ ആദ്യത്തെ കല്ല് എറിയുന്നത് താനായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.