സാന്റിയാഗോ: ലാറ്റിനമേരിക്കൻ ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ അർജന്റീനയെ ചിലി 1-1ന് സമനിലയിൽ തളച്ചു. സമനില വഴങ്ങിയതോടെ തെക്കേ അമേരിക്കൻ യോഗ്യതാ പോരാട്ടത്തിൽ ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരവും അർജന്റീന തുലച്ചു. അഞ്ചു മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അർജന്റീന. ഒരു മത്സരം കുറച്ച് കളിച്ചിട്ടുള്ള ബ്രസീൽ 12 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റുമാത്രമുള്ള ചിലി ആറാമതാണ്. കോപ്പ അമേരിക്ക ടൂർണമെന്റ് തൊട്ടരികെ നിൽക്കെ ചിലിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ക്യാപ്ടൻ ലയണൽ മെസി പെനാൽറ്റിയിലൂടെ നേടിയ ഗോളിൽ അർജന്റീന ലീഡെടുത്തതാണ്. ലൗട്ടരോ മാർട്ടിനസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. വാറിന്റെ തുണയോടെയാണ് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. എന്നാൽ 36-ാം മിനിട്ടിൽ അലക്സി സാഞ്ചസ് ചിലിക്ക് സമനില സമ്മാനിക്കുകയായിരുന്നു. മെഡലെടുത്ത ഫ്രീകിക്കാണ് സാഞ്ചസ് വലയിലേക്ക് തിരിച്ചു വിട്ടത്.
മെസിയുടെ രണ്ട് ഫ്രീകിക്കുകൾ ഗോൾ പ്രതീക്ഷ നൽകിയെങ്കിലും ഒരെണ്ണം ചിലി ഗോളി ബ്രാവോ കുത്തിയകറ്റുകയും മറ്റൊന്ന് ബാറിലിടിച്ച് തെറിക്കുകയും ചെയ്തു. മറ്റ് മത്സരങ്ങളിൽ ബൊളീവിയ വെനസ്വേലയെ 3-1ന് തോൽപിച്ചപ്പോൾ ഉറുഗ്വേയും പരാഗ്വേയും ഗോളടിക്കാതെ പിരിഞ്ഞു.