general-hospital

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് ഇതര ചികിത്സകൾക്കായി രോഗികൾ നെട്ടോട്ടം ഓടുന്നു. തിരുവനന്തപുരത്ത് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ സാധാരണക്കാരായ രോഗികളുടെ ആശ്രയ കേന്ദ്രമായ ജനറൽ ആശുപത്രി കഴിഞ്ഞ ഒരു വർഷത്തോളമായി കൊവിഡ് ആശുപത്രിയാണ്. ഇവിടെ അടിയന്തര ശസ്‌ത്രക്രിയകളടക്കം നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

ആശുപത്രിയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളടക്കം അടച്ചിട്ട നിലയിലാണ്. മെഡിക്കൽ കോളേജ് കഴിഞ്ഞാൽ നഗര-ഗ്രാമ വാസികളുടെ ആശ്രയകേന്ദ്രമായ ജില്ലാ ആശുപത്രിയിലെ പ്രധാന വിഭാഗങ്ങൾ പ്രവർത്തിക്കാത്തത് കാരണം ജനങ്ങൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന ചികിത്സാനിരക്ക് ലോക്ക്‌ഡൗൺ കാലത്ത് ജോലി പോലും ഇല്ലാതെ വീട്ടിലിരിക്കുന്ന ഭൂരിപക്ഷത്തിനും താങ്ങാവുന്നതിനും അപ്പുറമാണ്.

ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയുമടക്കമടക്കം പ്രധാനപ്പെട്ട ശസ്‌ത്രക്രിയകളെല്ലാം ആശുപത്രിയിൽ നിലച്ചിരിക്കുകയാണ്. രോഗികളുടെ നീണ്ടനിര കാരണം ഇവ പുനരാരംഭിക്കാൻ പദ്ധതിയിട്ടെങ്കിലും അവതാളത്തിലാവുകയായിരുന്നു. നഗരത്തിലെ മറ്റ് പ്രധാനപ്പെട്ട ആശുപത്രികളായ ഫോർട്ട് ആശുപത്രിയിലോ, പേരൂർക്കട മാതൃക ആശുപത്രിയിലോ ഒന്നുംതന്നെ ജില്ലാ ആശുപത്രിയിലുളളതു പോലുളള സൗകര്യങ്ങളില്ല. ആയതിനാൽ തന്നെ മഹാമാരിയുടെ കാലത്ത് രോഗികൾ അടിയന്തര ചികിത്സ കിട്ടാതെ വലയുകയാണ്.

ജില്ലാ ആശുപത്രി കൊവിഡ് ചികിത്സ കേന്ദ്രമായതോടെ പൂട്ടിയിട്ട മുറികളിൽ പ്രവർത്തന രഹിതമായ മെഷീനുകൾ പലതും തകരാറിലായി. ഒരു വർഷത്തോളമായി ഉപയോഗിക്കാതിരുന്ന മരുന്നുകൾ പലതും നശിച്ചു. ചില ഉപകരണങ്ങൾ എലി കടിച്ച് നശിപ്പിച്ച നിലയിലാണ്. കോടികണക്കിന് രൂപയുടെ നഷ്‌ടമാണ് ആശുപത്രിക്കുണ്ടായിരിക്കുന്നത്.

general-hospital

 കാർഡിയോളജി ലാബ് ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്നത് കാരണം ഏകദേശം 50 ലക്ഷം രൂപയുടെ സ്റ്റെന്‍റുകൾ (ധമനിയിലെ ബ്ലോക്ക് തുറക്കാനുള്ള ലോഹവലയം) നശിച്ചു.

 ഒരു വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഓപ്പറേഷൻ തിയേറ്ററിൽ ഏകദേശം ഒരു കോടി രൂപയുടെ വിപുലമായ ഗ്യാസ്ട്രോ എൻ‌ഡോസ്കോപ്പി ഉപകരണങ്ങളാണ് നിശ്‌ചലമായിരിക്കുന്നത്.

 കോടിക്കണക്കിന് രൂപയുടെ യൂറോളജിക്കൽ, അഡ്വാൻസ്‌ഡ് ലാപ്രോസ്കോപ്പിക് ഉപകരണങ്ങൾ പ്രവർത്തനരഹിതമായി കിടക്കുകയാണ്.

 ലക്ഷക്കണക്കിന് രൂപയുടെ ഉപകരണങ്ങളുള്ള സ്ട്രോക്ക് യൂണിറ്റ് അടഞ്ഞുകിടക്കുന്നു.

 ലക്ഷം രൂപ വിലവരുന്ന കട്ടപിടിക്കുന്ന മരുന്നുകൾ കാലഹരണപ്പെട്ടതിനാൽ പാഴായിപ്പോയി.

 ഓപ്പറേഷൻ തിയേറ്റർ പൂർണമായും അടച്ചതിനാൽ കോടിക്കണക്കിന് രൂപയുടെ ആധുനിക അനസ്തെറ്റിക്, സർജിക്കൽ ഉപകരണങ്ങൾ കേടായി.

 എലികൾ മൂലമുണ്ടായ നാശനഷ്‌ടങ്ങൾ കാരണം അര ലക്ഷത്തിലധികം വിലമതിക്കുന്ന വന്ധ്യംകരണ ഉപകരണങ്ങൾ പൂർണമായും കേടായി.

കൊവിഡ് ഇതര ആശുപത്രിയാക്കണം

കൊവിഡ് ചികിത്സയ്‌ക്കായി ബദൽ മാർ‌ഗങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തണമെന്നാണ് രോഗികളുടെ ആവശ്യം. ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഡോക്‌ടർമാരുമുളള ജില്ലാ ആശുപത്രി ഇനിയും കൊവിഡ് ഇതര ചികിത്സ നിഷേധിക്കുന്നത് തിരുവനന്തപുരത്തെ ആരോഗ്യരംഗത്തെ ആകെ വഷളാക്കുമെന്ന് ഇവർ പറയുന്നു. പണമില്ലാത്ത ക്യാൻസർ രോഗികളും ആൻജിയോപ്ലാസ്റ്റി രോഗികളും ശസ്ത്രക്രിയ ബ്ലോക്ക് ഉടനടി തുറക്കുന്നതിനായി കാത്തിരിക്കുകയാണ്. എന്നാൽ കൊവിഡ് ഇതര ആശുപത്രിയാക്കിയാൽ തന്നെ പ്രവർത്തനം നിലച്ച ഉപകരണങ്ങൾ ശരിയാക്കാനും പുതിയത് വാങ്ങാനുമായി കോടികണക്കിന് രൂപ ചെലവിടേണ്ടി വരും.