നൈജീരിയ: ട്വിറ്ററിന്‍റെ പ്രവര്‍ത്തനം അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്‌ത് നൈജീരിയ. നൈജീരിയയുടെ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ ഒരു ട്വീറ്റ് നീക്കം ചെയ്‌തതാണ് നൈജീരിയയിലെ ട്വിറ്ററിന്‍റെ പ്രവര്‍ത്തനത്തിന് തിരിച്ചടിയായത്.
1967-1970 കാലഘട്ടത്തിലെ 30 മാസത്തെ ആഭ്യന്തര യുദ്ധത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ട്വീറ്റാണ് നീക്കം ചെയ്‌തത്. സര്‍ക്കാര്‍ പരാജയപ്പെടുമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ആഭ്യന്തര യുദ്ധകാലത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ട്വീറ്റ്. രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് ആയിരുന്നു ട്വീറ്റ്. പ്രസിഡന്‍റിന്‍റെ ട്വീറ്റ് നീക്കം ചെയ്‌തത് യുദ്ധസമാനം ആണെന്നായിരുന്നു ട്വിറ്ററിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
ഇതിനിടെ, ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്‌തു. വെങ്കയ്യ നായിഡുവിന്‍റെ 'എം വെങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിന്‍റെ ബ്ലൂ ടിക്ക് ആണ് നീക്കം ചെയ്‌തിരിക്കുന്നത്. ഇക്കാര്യം വൈസ് പ്രസിഡൻഡിന്‍റെ ഓഫീസ് സ്ഥിരീകരിച്ചു.
13 ലക്ഷം ഫോളോവേഴ്‌സ് ഉള്ളതാണ് അദ്ദേഹത്തിന്‍റെ സ്വകാര്യ അക്കൗണ്ട്. ഈ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിൽ ബ്ലൂ ടിക്ക് നിലവിലുണ്ട്. 9.3 ലക്ഷം ഫോളോവേഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്.
ട്വിറ്റർ അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതാണ് ബ്ലൂ ടിക്ക്. സാധാരണയായി അക്കൗണ്ട് നെയിം മാറ്റുമ്പോഴും തുടര്‍ച്ചയായി ഇന്‍ആക്‌ടീവ് ആകുമ്പോഴുമൊക്കെയാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നീക്കം ചെയ്യുന്നത്.