blasters

കൊച്ചി: സെർബിയൻ പരിശീലകൻ ഇവാൻ വുകോമോനോവിച്ച് കേരളാ ബ്ളാസ്റ്റേഴ്സിന്റെ അടുത്ത പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ സീസണിൽ ഇടയ്ക്കു വച്ച് പുറത്താക്കപ്പെട്ട സ്പാനിഷ് കോച്ച് കിബു വിക്കൂനയ്ക്കു പകരമാണ് വുകോമോനോവിച്ചിനെ ബ്ളാസ്റ്റേഴ്സ് കൊണ്ടുവന്നിരിക്കുന്നത്. പരിശീലകരെ ഇടയ്ക്കിടക്ക് മാറ്റുന്നത് പതിവാക്കിയ ബ്ളാസ്റ്റേഴ്സിന്റെ ഐഎസ്എല്ലിലെ പത്താമത്തെ പരിശീലകൻ ആണ് വുകോമോനോവിച്ച്.

2013-14 സീസണിൽ ബെൽജിയൻ ക്ളബ് സ്റ്റാൻഡേഡ് ലീജിൽ സഹ പരിശീലകനായി തന്റെ കോച്ചിംഗ് ജീവിതം ആരംഭിച്ച 43കാരനായ വുകോമോനോവിച്ച് അതിനു ശേഷം സ്ലൊവോക്കിയയിലെ സൂപ്പർ ലിഗയിൽ മത്സരിക്കുന്ന സ്ലൊവാൻ ബ്രാറ്റിസ്ലാവയയുടെ മുഖ്യ പരിശീലകൻ ആയി ജോലിയിൽ പ്രവേശിച്ചു. അവസാനമായി സൈപ്രസ്സിലെ ഫസ്റ്റ ഡിവിഷൻ ക്ളബായ അപ്പോളൻ ലിമാസ്സോളിന്റെ പരിശീലകനായിരുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴിൽ നാലു കളികളിൽ മത്സരിച്ചെങ്കിലും ഒരെണ്ണത്തിൽ മാത്രമേ ലിമാസ്സോളിന് വിജയിക്കുവാൻ സാധിച്ചുള‌ളു. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരമായിരുന്ന ഫക്കുണ്ടോ പെരേര കേരളത്തിൽ വരുന്നതിനു മുമ്പ് വുകോമോനോവിച്ചിന്റെ കീഴിലായിരുന്നു കളിച്ചിരുന്നത്.

പുതിയ സീസണിനായി തയ്യാറെടുക്കുന്ന ബ്ളാസ്റ്റേഴ്സ് ബാംഗ്ളൂർ എഫ്സിയിൽ നിന്നും ഹർമൻജോത് ഖബ്ര, വിദേശ ലീഗുകളിൽ കളിക്കുകയായിരുന്ന സഞ്ജീവി സ്റ്റാലിൻ, റൗണ്ട്ഗ്ളാസ്സ് പഞ്ചാബിൽ നിന്നും റുയിവാ ഹോർമിപാം എന്നിവരെ പുതുതായി ടീമിൽ എത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ ഡിഫൻഡർമാരായ ധനചന്ദ്ര മെയ്‌തെയ്, സന്ദീപ് സിംഗ് എന്നിവരുടെ കരാറുകൾ നീട്ടി നൽകുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ കളിച്ച മിഡ്ഫീൽഡർ രോഹിത് കുമാറിനെ ടീമിൽ നിന്ന് ഒഴിവാക്കി.