ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ഇല്ലാതെ മനുഷ്യൻ ഇല്ല, ഭൂമിയെ സ്‌നേഹിക്കുക എന്നൊക്കെ എത്ര പ്രസംഗിച്ചാലും പറഞ്ഞാലും ഇന്നും എന്നും ഭൂമിയുടേയും പരിസ്ഥിതിയുടേയും മുഖ്യ ശത്രു മനുഷ്യൻ തന്നെയാണ്. കൊവിഡ് എന്ന ആർക്കും ഇതു വരെ പിടിതരാത്ത മഹാമാരി വന്നില്ലായിരുന്നുവെങ്കിൽ ഭൂമിയുടെ അവസ്ഥ ഇതിലും ഭീകരമായേനെ. ഒരുപക്ഷേ കൊവിഡിനെ പേടിച്ച് മനുഷ്യൻ ശ്വാസം അടക്കി അവനവന്റെ വീടുകളിൽ ഒതുങ്ങിയപ്പോൾ ആയിരിക്കും ഭൂമി നേരാംവണ്ണം ശ്വാസം എടുത്തുതുടങ്ങിയത്.
ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ കുറച്ചു നാളുകളായി കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യം എന്ന നിലക്ക് ലോക്ഡൗൺ പോലുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടിട്ടും ഇന്ത്യയിലെ പരിസിഥിതി മലിനീകരണത്തിന്റെ തോത് കാര്യമായി കുറഞ്ഞിട്ടില്ല എന്നതാണ് സത്യം. ഈയടുത്ത് നടത്തിയ ഒരു പഠനം അനുസരിച്ച് അന്തരീക്ഷമലിനീകരണം കൂടിയ ലോകത്തിലെ 30 രാജ്യങ്ങളിൽ 22 ും നമ്മുടെ ഭാരതത്തിൽ നിന്നുമാണ്.
ഇന്ത്യയിൽ അന്തരീക്ഷ മലിനീകരണ തോത് ഉയർന്നു നിൽക്കാൻ ധാരാളം കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്ന് ഇവിടുത്തെ വാഹനപെരുപ്പം തന്നെയാണ്. ഫാക്ടറികളും മറ്റ് വ്യാവസായിക സ്ഥാപനങ്ങളും കാരണം ഉണ്ടാകുന്ന വായു മലിനീകരണം വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ പുതിയ പഠനം അനുസരിച്ച് ലോകത്തിൽ ഉണ്ടാകുന്ന വായുമലിനീകരണത്തിന്റെ 24ശതമാനവും വാഹനങ്ങളിൽ നിന്നും ഉണ്ടാകുന്നവയാണ്.
ഇന്ത്യയുടെ കാര്യം ഇതിലും ദയനീയമാണ്. ഇവിടെ വാഹനപെരുപ്പം ഉണ്ടെന്ന് മാത്രമല്ല നിരത്തുകളിൽ ഓടുന്നവയിൽ ഭൂരിഭാഗവും കാലപ്പഴക്കംചെന്നവയുമാണ്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ നിരത്തുകളിൽ ഓടുന്നവയിൽ ഏതാണ്ട് നാലു ലക്ഷത്തിനു മുകളിൽ ഉളളവ 15 വർഷത്തിനുമേൽ പഴക്കമേറിയവയാണ്.
വാഹനങ്ങൾ വഴിയുളള അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം കഴിഞ്ഞ ബജറ്റിൽ 'സ്‌ക്രാപ്പേജ് പോളിസി' അവതരിപ്പിക്കുന്നത്. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയുക തന്നെ വേണം.
പ്ളാസ്റ്റിക്ക് മലിനീകരണമാണ് മറ്റൊരു വെല്ലുവിളി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക്കുകളുടെ മേലുളള നിരോധനം ഉണ്ടായിരുന്നിട്ടുകൂടി ഇന്ത്യയിൽ ഒരുദിവസം 26,000 ടൺ പ്ളാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. അതിൽതന്നെ ഏകദേശം 10,000ടൺ പ്ളാസ്റ്റിക്ക് മാലിന്യം ആയി കടലിൽ ഒഴുക്കപ്പെടുകയാണ്. ഈ മാലിന്യങ്ങൾ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വാക്കുകൾക്ക് അതീതമാണ്.
ഇതിനുപുറമേ അധികം ആരുംതന്നെ ശ്രദ്ധിക്കാത്തവയാണ് ടൂത്ത് പേസ്റ്റുകളിലും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുളള പ്ളാസ്റ്റിക്കിന്റെ ചെറുകണികകൾ. ഇവയും മാലിന്യമായി കടലിൽ ഒഴുകിയെത്തുക തന്നെയാണ് ചെയ്യുന്നത്. വളരെ ചെറിയ കണികകൾ പോലെ ഇരിക്കുന്ന ഇവയെ പലപ്പോഴും മീനുകൾ അവയുടെ ഭക്ഷണം ആണെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങുകയും ഇവ തൊണ്ടയിൽ കുരുങ്ങി മീനുകൾ ചത്തുപോകുകയും ചെയ്യാറുണ്ട്.
ഇതിനുപുറമേയാണ് തുണികഴുകുവാനും മറ്റും ഉപയോഗിക്കുന്ന സോപ്പും ഡിറ്റർജന്റും പോലുളള വസ്തുക്കൾ ഉണ്ടാക്കുന്ന മാലിന്യങ്ങൾ. ഇവയും ഒടുവിൽ എത്തിച്ചേരുന്നത് കടലിലും പുഴകളിലുമാണ്. അവിടെ ശുദ്ധജലവുമായി കലരുന്ന ഇവ വെളളത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുകയും തൻമൂലം മത്സ്യസമ്പത്തിന് വളരെയേറെ ദോഷം സൃഷ്ടിക്കുകയുംചെയ്യുന്നു.
പരിസ്ഥിതി മലിനീകരണം എത്രയും വേഗം പരിഹാരം കണ്ടെത്തേണ്ട വിഷയം ആണെങ്കിലും അതിനുള്ള പരിഹാരം വളരെ വിദൂരമാണെന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ മനുഷ്യൻ സൃഷ്ടിക്കുന്ന ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടചുമതലയും മനുഷ്യന് തന്നെയാണ്.