tamilnadu

ചെന്നൈ: രാജ്യത്ത് ഏ‌റ്റവുമധികം പ്രതിദിന കൊവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്ന തമിഴ്‌നാട്ടിൽ ലോക്ഡൗൺ ദീർഘിപ്പിച്ചതായി മുഖ്യമന്ത്രി എം.കെ സ്‌റ്റാലിൻ അറിയിച്ചു. സംസ്ഥാനത്തെ കൊവി‌ഡ്

സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗശേഷമാണ് സ്‌റ്റാലിൻ തീരുമാനം പ്രഖ്യാപിച്ചത്.

രാജ്യത്ത് രോഗവ്യാപനം ശക്തമായ അഞ്ച് സംസ്ഥാനങ്ങളിൽ മുന്നിലാണ് തമിഴ്‌നാട്. പ്രതിദിന കണക്കിൽ രാജ്യത്തെ 18.79 ശതമാനം രോഗികളും ഇവിടെയാണ്. ഇന്നലെ 22,651 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

എന്നാൽ രോഗവ്യാപന നിരക്ക് കുറഞ്ഞ ജില്ലകളിൽ ലോക്ഡൗൺ ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ എന്നിവിടങ്ങളിലാണ് ഇളവുകളുള‌ളത്.

ലോക്ഡൗൺ ഇളവുകളനുസരിച്ച് പച്ചക്കറി, മാംസം വിഭവങ്ങൾ, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന കടകൾ, മത്സ്യ സ്‌റ്റാളുകൾ എന്നിവ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാൽ മത്സ്യം മൊത്തവ്യാപാരം മാത്രമേ അനുവദിക്കൂ എന്നും വലിയ തിരക്ക് ഒഴിവാക്കാൻ അതാത് ജില്ലാ ഭരണകൂടങ്ങൾ വേണ്ട നടപടിയെടുക്കണമെന്നും സർക്കാർ അറിയിച്ചു.