തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചാം തീയതി സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് തിരുവന്തപുരം സിറ്റി സംഘടിപ്പിച്ച എന്‍റെ മരം എന്‍റെ സ്വപ്‌നം എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഫല വൃക്ഷ തൈ നടീലിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. മന്ത്രിയുടെ വസതിയിൽ മരം നട്ടായിരുന്നു ഉദ്ഘാടനം. മന്ത്രിയുടെ ഭാര്യാപിതാവ് യശ:ശരീരനായ പി ഗോവിന്ദപിള്ളയുടെ നാമത്തിലാണ് ചാമ്പക്ക വൃക്ഷത്തൈ നട്ടത്.
എസ് പി സി കേഡറ്റുകളും സിറ്റി നോഡൽ ഓഫീസിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒരുകോടി ഫലവൃക്ഷതൈകൾ കേരളമെമ്പാടും നട്ടു പിടിപ്പിച്ചു പരിപാലിക്കുമെന്ന് കേഡറ്റുകൾ പ്രതിജ്ഞ ചെയ്‌തു. മാതൃകാപരമായ ഈ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉറപ്പ് നൽകി.