കൊവിഡ് നെഗറ്റീവായ ശേഷവും അതിന്റെ ബുദ്ധിമുട്ടുകൾ ചിലരിലെങ്കിലും മാസങ്ങളോളം തുടരുന്നുണ്ട്. അങ്ങനെ കൊവിഡ് കാരണം പൊറുതിമുട്ടിയിരിക്കുമ്പോൾ അതാ വരുന്നൂ, കാലവർഷം.
അതെന്താ? മഴ കാരണം കൊവിഡ് വൈറസ് കൂടുമോ? എന്ന് ചോദിക്കാൻ വരട്ടെ. തൊണ്ടവേദന, ജലദോഷം, ചുമ, ശ്വാസംമുട്ട്, ദേഹവേദന, പനി എന്നിവയെല്ലാം മഴക്കാലത്ത് വർദ്ധിക്കുന്നവയാണ്. ഇവ കാരണം ബുദ്ധിമുട്ടുന്ന കൊവിഡ് രോഗിക്ക് മഴയും തണുപ്പും കാലാവസ്ഥയിലെ മറ്റ് മാറ്റങ്ങളും കാരണം കൂടുതൽ കഷ്ടപ്പാട് അനുഭവിക്കേണ്ടിവരും എന്നതാണ് യാഥാർത്ഥ്യം.
ക്ഷീണം കൊണ്ടും രാത്രിയിൽ കഫത്തിന്റെ ബുദ്ധിമുട്ട് കാരണവും ഉറക്കക്കുറവുമുണ്ടായ കൊവിഡ് രോഗി പകലൊന്ന് ഉറങ്ങിപ്പോയാൽ തൊണ്ടവേദനയും ജലദോഷവും വർദ്ധിക്കും. ശ്വാസവൈഷമ്യം തോന്നുന്നവർക്ക് ഫാനിന്റെ നേരെ ഇരിക്കുന്നത് ആശ്വാസം നൽകേണ്ടതാണ്. എന്നാൽ തണുപ്പും മഴയും കാരണം ഫാനിന്റേയോ എയർകണ്ടീഷന്റേയോ ഉപയോഗം രോഗവർദ്ധന ഉണ്ടാക്കാനേ ഇടയുള്ളൂ. അൽപ്പമൊന്ന് നടന്നാൽ പോലും കഷ്ടപ്പെട്ട് ശ്വാസമെടുക്കേണ്ട അവസ്ഥയും വന്നേക്കാം. രാത്രിയിൽ തുടർച്ചയായി ഫാൻ ഉപയോഗിക്കുന്നവർക്ക് ശരിയായി ഉറങ്ങാൻ സാധിക്കണമെന്നില്ല.
പേശികളിൽ വേദനയും മസില് പിടുത്തവും മഴക്കാലത്ത് സാധാരണ കാണുന്ന ബുദ്ധിമുട്ടുകളാണ്.
പൊതുവേ തണുപ്പ് കൂടുതലുള്ള കേരളത്തിൽ മഴ കാരണം വർദ്ധിച്ച അന്തരീക്ഷത്തിലെ ഈർപ്പം രോഗിയുടെ മുറിക്കുള്ളിലെ വായുവിനെകൂടി ഈർപ്പമുള്ളതാക്കും. വളരെ ബുദ്ധിമുട്ടി ശ്വാസമെടുക്കുന്ന ഒരാളിന് ഈർപ്പമുള്ള വായുവിൽ നിന്ന് ആവശ്യത്തിന് പ്രാണവായു ലഭിക്കണമെന്നില്ല. വായു ഈർപ്പമുള്ളതായത് കാരണം നെഞ്ചിന്റെ ഭാഗത്തെ മുറുക്കം വീണ്ടും വർദ്ധിക്കുകയും ശ്വാസ വൈഷമ്യം കൂടുകയും ചെയ്യും.
മഴക്കാലത്ത് പുളിയുള്ളവ കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കഴിച്ചാലുടൻ തൊണ്ടവേദനയും അനുബന്ധപ്രശ്നങ്ങളും ആരംഭിച്ചേക്കാം. ശ്വാസകോശ അലർജികൂടിയുള്ളവരിലാണെങ്കിൽ പ്രത്യേകിച്ച് പറയുകയും വേണ്ട.
ഈർപ്പമുള്ള ചുവരുകളിലും വസ്ത്രങ്ങളിലും പറ്റിപ്പിടിച്ചിരിക്കുന്ന ഫംഗസുകൾ ചുമ,ശ്വാസ വൈഷമ്യം എന്നിവ വർദ്ധിപ്പിക്കും. ഇതുകൂടാതെയാണ് കൊവിഡ് രോഗികളിൽ ആന്റിബയോട്ടിക്കും സ്റ്റീറോയിഡും ഉപയോഗിക്കുന്ന പ്രമേഹരോഗികളിൽ ചിലരിലെങ്കിലും കാണുന്ന ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഫംഗസിന്റെ സ്വഭാവമനുസരിച്ച് ചെറിയൊരു തുമ്മൽ മുതൽ മരണം വരെ ഉണ്ടാകാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കഫരോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പാലൊഴിച്ചുള്ള ചായ ഒഴിവാക്കി ഇഞ്ചിനീര് ചേർത്ത കട്ടനോ കോഫിയോ ദശമൂല കടുത്രയം സൂക്ഷ്മ ചൂർണ്ണം കൊണ്ട് തയ്യാറാക്കിയ കഷായമോ പകരമായി ഉപയോഗിക്കാവുന്നതാണ്. തണുപ്പേൽക്കാത്ത വിധം ജനാലകൾ അടച്ചിടുകയും മഴയില്ലാത്തപ്പോൾ കാറ്റും വെയിലും കിട്ടാനായി തുറന്നിടുകയും ചെയ്യാം. തണുപ്പേൽക്കാത്ത വസ്ത്രങ്ങൾ ധരിക്കണം. അലർജിയുള്ളവർ കമ്പിളി, മഫ്ളർ തുടങ്ങിയവ പരമാവധി ഒഴിവാക്കി ഫൈബർ പറക്കാത്ത മെറ്റീരിയൽസ് ഉപയോഗിക്കണം.
തൊണ്ടയുടെ ബുദ്ധിമുട്ടും തലവേദനയും കുറയ്ക്കാനായി ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന ബ്ലിസ്ബാം പുരട്ടുകയും കഫത്തിന്റെ ശല്യവും ചുമയും കുറയ്ക്കാനായി താലീസ് ചൂർണം കുറേശ്ശേ അലിയിച്ചിറക്കുകയും ചെയ്യാം.
മുറിക്കുള്ളിൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് തുറന്നുവച്ച് വേപ്പിലയും മഞ്ഞളുമിട്ട് ചൂടാക്കിക്കൊണ്ടിരിക്കുക. മുറിയുടെ ഈർപ്പം കുറഞ്ഞ് ചൂടുവായു ലഭിക്കുകയും അണുക്കൾ നിർവീര്യമാക്കപ്പെടുന്നത് കൊണ്ടും ശ്വസനപഥത്തിലെ നീർവീഴ്ച കുറയുന്നതുകൊണ്ടും കഫരോഗങ്ങൾ ശമിക്കും.
ശ്വാസവൈഷമ്യമുള്ളവർ ബുദ്ധിമുട്ടുണ്ടാകാത്ത വിധം അപരാജിത ധൂമ ചൂർണ്ണം പുകയ്ക്കുക. അതിലൂടെ അന്തരീക്ഷത്തിൽ കാണുന്ന ഉപദ്രവകാരികളായ അണുക്കളുടെ എണ്ണം കുറയ്ക്കാം.
ഇടയ്ക്കിടെ കുടിക്കുന്നതിനായി ഷഡംഗചൂർണ്ണം, തുളസിയില,ഗുളൂചീചൂർണ്ണം എന്നിവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക. വളരെ സൂക്ഷിച്ചും തിളപ്പിച്ചാറ്റിയും മാത്രമേ മഴക്കാലത്ത് വെള്ളം കുടിക്കാവൂ.
ശ്വസനപഥ സംബന്ധമായ വൈഷമ്യങ്ങളുള്ളപ്പോൾ തണുത്തവെള്ളത്തിൽ കുളിക്കരുത്. കുളിച്ചില്ലെങ്കിലും രണ്ടുനേരവും രാസ് നാദിപ്പൊടി നെറുകയിൽ തിരുമ്മുന്നത് നല്ലത്.
പനിയുടെ ലക്ഷണങ്ങൾ ആരംഭിക്കുമ്പോൾ തന്നെ സുദർശനം ഗുളികയും ഗ്യാസ്,വയറിളക്കം, ചർദ്ദി എന്നിവയുണ്ടെങ്കിൽ വില്വാദിഗുളികയും കഴിക്കണം. കുട്ടികൾക്കും പ്രമേഹമില്ലാത്ത രോഗപ്രതിരോധശേഷി കുറവായവർക്കും ച്യവനപ്രാശം കഴിക്കാവുന്നതാണ്.
ഏതു മരുന്ന്, എതുപ്രകാരം, ഏത് പ്രായക്കാരിൽ പ്രത്യേകിച്ച് മറ്രു രോഗങ്ങൾകൂടിയുള്ളവരിൽ പ്രയോജനപ്പെടുന്നതെന്ന് മനസിലാക്കാൻ അടുത്തുള്ള ആയുർവേദ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുക.
കൊവിഡിന്റെ ആരംഭത്തിൽ തന്നെ ചികിത്സ തുടങ്ങുന്നത് രോഗവർദ്ധന കുറയ്ക്കാൻ പര്യാപ്തമാണ്. കൊവിഡിന് ആയുർവേദ ചികിത്സ ചെയ്യുന്നവരിൽ കൊവിഡാനന്തര ബുദ്ധിമുട്ടുകൾ തീരെ കുറവാണെന്ന് കാണുന്നു. പ്രതിരോധത്തിനായി കുട്ടികളും മുതിർന്നവരും ആയുർവേദ മരുന്നുകൾ ഉപയോഗിക്കണം. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്ന് ഇത്തരം മരുന്നുകൾ സൗജന്യമായി ലഭിക്കും.