ന്യൂഡൽഹി: സമൂഹമാദ്ധ്യമ നിയമ ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിലെ പോര് കടുക്കുന്നു. പോസ്‌റ്റുകൾ നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥനെ നിയമിക്കാത്ത ട്വിറ്റർ നടപടിയിൽ കേന്ദ്രം ഇന്ന് അവസാന മുന്നറിയിപ്പ് നൽകി.
ഒരു പതിറ്റാണ്ടോളമായി ഇന്ത്യയിൽ പ്രവർത്തിച്ചിട്ടും ഇന്ത്യയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ സമയബന്ധിതമായോ സുതാര്യമായോ പരിഹരിക്കാൻ ട്വിറ്ററിന് കഴിഞ്ഞിട്ടില്ല. ഐ.ടി മന്ത്രാലയം പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാത്ത പക്ഷം പ്ളാറ്റ്ഫോമിലുണ്ടാകുന്ന പ്രശ്‌നങ്ങളിൽ ക്രിമിനൽ നടപടികൾ നേരിടാൻ ട്വിറ്ററും ബാദ്ധ്യസ്ഥമാണെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
ഐ.ടി നിയമങ്ങൾ പാലിക്കുകയോ അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടാൻ തയ്യാറാകുകയോ ചെയ്യണമെന്നാണ് കേന്ദ്ര മുന്നറിയിപ്പ്. നിയമം പാലിക്കാനുളള അവസാന അവസരത്തിലും വീഴ്‌ച വരുത്തിയാൽ 2000ലെ ഐ.ടി ആക്‌ട് 79ാം അനുച്ഛേദമനുസരിച്ച് ട്വിറ്ററിന് ലഭിക്കുന്ന ബാദ്ധ്യതകൾ ഒഴിവാകുന്ന ആനുകൂല്യം സർക്കാർ പിൻവലിക്കും. അപ്പോൾ അനന്തരനടപടികളും നേരിടേണ്ടി വരുമെന്ന് കേന്ദ്രം പറയുന്നു.
നേരത്തെ ഉപരാഷ്‌ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിന്റെ ബ്ളൂ ബാഡ്‌ജ് ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ ബാഡ്‌ജ് തിരികെ സ്ഥാപിച്ചു. ആർ.എസ്.എസ് നേതാക്കളുടെ അക്കൗണ്ടിലെയും ബാഡ്ജ് ട്വിറ്റർ പിൻവലിച്ചിരുന്നു. ഇതോടെ സർക്കാർ നടപടി കടുപ്പിച്ചു.