parvathi

തിരുവനന്തപുരം: ഒരു കാലത്ത് നഗരത്തിലെ പ്രധാന ജലസ്രോതസായ പാർവതി പുത്തനാറിന് ശാപമോക്ഷം നൽകാൻ അധികൃതർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. മാലിന്യങ്ങൾ കുന്നുകൂടി ഒഴുകാൻ പോലുമാകാത്ത സ്ഥിതിയിലാണ് പാർവതി പുത്തനാർ ഇപ്പോൾ.

 പ്ളാസ്റ്റിക് മുതൽ ഇറച്ചിമാലിന്യം വരെ

ഒരുകാലത്ത് കണ്ണുനീർ പോലെ തെളിമയുള്ളതായിരുന്നു പാർവതി പുത്തനാറിലെ വെള്ളം. കണ്ണുമടച്ച് കോരിക്കുടിക്കാൻ തോന്നുത്ര തെളിച്ചമായിരുന്നു വെള്ളത്തിനുണ്ടായിരുന്നു. എന്നാൽ ഇന്ന് മാലിന്യങ്ങളും അഴക്കും അടിഞ്ഞുകൂടി വെള്ളത്തിന്റെ നിറം കറുപ്പായി മാറിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ, കോഴി മാലിന്യം, മനുഷ്യ വിസർജ്യങ്ങൾ എന്നിങ്ങനെയാണ് പുത്തനാറിൽ അടിഞ്ഞു കൂടിയിരിക്കുന്നത്.

ആക്കുളം - കോവളം ജലപാതയുടെ ഭാഗമായ ആക്കുളം കായലിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് റോഡുവക്കിൽ നിന്ന് തള്ളുന്നത് സ്ഥിരം സംഭവമാണ്. വള്ളക്കടവ് മുതൽ കരിക്കകം വരെ പലഭാഗത്തും കോഴി വേസ്റ്റും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞിരിക്കുകയാണ്. ഇതുകൂടാതെ ഉപയോഗശൂന്യമായ ഇരുമ്പ് കഷണങ്ങളും പുത്തനാറിൽ തള്ളുന്നുണ്ട്. കോവളം - കോട്ടപ്പുറം ജലപാത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ച കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് 2019 ജൂണിൽ പാർവതി പുത്തനാർ ശുചീകരിച്ചിരുന്നു. ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയുള്ള ശുചീകരണമാണ് നടപ്പാക്കിയത്. വിദേശത്ത് നിന്നെത്തിച്ച സിൽറ്റ് പുഷറെന്ന യന്ത്രത്തിന്റെ സഹായത്തോടെ കുളവാഴയും ചെളിയും നീക്കി ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം കൂട്ടുകയും ബോട്ട് ഓടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, വീണ്ടും മാലിന്യങ്ങൾ തള്ളുന്നത് നിത്യസംഭവമായി. ചാക്കുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നത് കാരണം ജനങ്ങൾക്ക് മൂക്ക് പൊത്താതെ നടക്കാനാവില്ലെന്ന അവസ്ഥയാണ്. ചെളിയും കുളവാഴകളും അറവു മാലിന്യങ്ങളും വേറെ. നിരവധി ഇനത്തിലുള്ള മത്സ്യങ്ങളുടെ ആവാസകേന്ദ്രമായിരുന്ന പുത്തനാറിൽ ഇപ്പോൾ മത്സ്യങ്ങളെ കാണാനേയില്ല.

 സർവം വിഷമയം

കാലങ്ങളായി മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനാൽ തന്നെ പുത്തനാറിലെ വെള്ളം വിഷമയമായിട്ടുണ്ട്. കോവളം മുതൽ ആക്കുളം വരെ നാറ്റ്പാക് നടത്തിയ പഠനത്തിൽ പുത്തനാറിൽ ഇ- കോളി ബാക്ടിരീയയുടേയും അപകടകാരികളായ രാസവസ്തുക്കളുടേയും അളവു കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇരുമ്പ്, സൾഫേറ്റ്, കാൽസ്യം, മഗ്നീഷ്യം, കുട്ടികൾക്ക് ശ്വാസതടസ്സമുണ്ടാക്കുന്ന നൈട്രേറ്റ്, കാഡ്മിയം അടക്കമുള്ളവയുടെ സാന്നിദ്ധ്യവും കണ്ടെത്തി. കരിക്കകം ദുരന്തത്തിന് ശേഷമാണ് ഇത്തരത്തിലുള്ള പഠനം നടത്താനായി സർക്കാർ തീരുമാനിച്ചത്. റിപ്പോർട്ട് പുറത്തു വന്നതോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇടപെട്ട് 2015ൽ പുത്തനാർ താത്കാലികമായി ശുചീകരിച്ചിരുന്നു. എന്നാൽ,​ പഴയ സ്ഥിതിയിൽ തന്നെ പുത്തനാർ എത്തുകയായിരുന്നു.

മുൻ സർക്കാരുകൾ കോടികൾ മുടക്കിയെങ്കിലും പുത്തനാറിന്റെ അവസ്ഥ പഴയപടി തന്നെ തുടരുകയാണ്. ആശുപത്രി മാലിന്യങ്ങളും വീടുകളിൽ നിന്നുള്ള കക്കൂസ് മാലിന്യങ്ങളും ആറിലൊഴുക്കിയതോടെയാണ് പാർവതി പുത്തനാറിലെ വെള്ളം മലീനമായത്. ജലപാതയുമായി ബന്ധപ്പെട്ട് പുത്തനാറിന്റെ ശുചീകരണം നടത്തിയെങ്കിലും വെള്ളത്തിലെ മാലിന്യത്തിന് കുറവൊന്നും വന്നിട്ടില്ല. ഇവിടെനിന്നുള്ള കടുത്ത ദുർഗന്ധം സമീപവാസികളായ കുട്ടികൾക്ക് ശ്വാസകോശരോഗങ്ങളുണ്ടാക്കുന്നുണ്ടെന്നും പഠനങ്ങളുണ്ട്‌.

 മാലിന്യം നിക്ഷേപിക്കൽ തടയാൻ നിർമ്മിത ബുദ്ധി

പുത്തനാറിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ ആക്കുളം - കോവളം റോഡിൽ നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന 100 അത്യാധുനിക സി.സി ടി.വി കാമറകൾ സ്ഥാപിക്കാൻ നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പാർവതി പുത്തനാറിലെ മലിനീകരണം തടയുന്നതിനായി നടപടി സ്വീകരിക്കണമെന്ന് നവീകരണ ചുമതലയുള്ള കേരള തീരദേശ,​ ഉൾനാടൻ ജലഗതാഗത വകുപ്പും ജലഗതാഗതത്തിന് അടിസ്ഥാനസൗകര്യം ഒരുക്കുന്ന ഏജൻസിയും ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കോർപ്പറേഷൻ നടപടിയെടുത്തത്. ഇതിനൊപ്പം ജനങ്ങളെ ബോധവത്കരിക്കുന്നതിന് 100 സൈൻ ബോർഡുകളും സ്ഥാപിക്കും. കാമറകൾ സ്ഥാപിക്കുന്നതിനുള്ള സ്ഥലങ്ങൾ ഇരു ഏജൻസികളും ചേർന്ന് കണ്ടെത്തും. ഒരു കാമറ യൂണിറ്റിന് 3.5 ലക്ഷം രൂപയാണ് ചെലവിടുക. പദ്ധതിരേഖ സാങ്കേതിക അനുമതിക്കായി പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ 280 കോടിയാണ് തീരദേശ,​ ഉൾനാടൻ ഗതാഗത വകുപ്പ് ജലപാതകളുടെ സുഗമമായ യാത്ര ഒരുക്കാൻ ചെലവിട്ടത്. ആദ്യഘട്ടത്തിൽ വേളി- കഠിനംകുളം- വർക്കല പാത ഗതാഗതയോഗ്യമാക്കി. എന്നാൽ,​ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെ ട്രയൽ റൺ പോലും ശ്രമകരമായിരുന്നു.

 തിരുവിതാംകൂറിന്റെ ജലപാത

തിരുവനന്തപുരത്തെ വള്ളക്കടവ് (കൽപാക്കടവ്) മുതൽ വർക്കല കുന്ന് വരെയുള്ള പ്രധാന കായലുകളെ തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവതി പുത്തനാർ. 1824ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്. പൂന്തുറയിലും വേളിയിലുമായി ജലപാത സമുദ്രത്തിലേക്ക് തുറക്കുന്നതിനാൽ പ്രകൃത്യായുള്ള ശുചീകരണം സാദ്ധ്യമായിരുന്നു. എന്നാൽ ഇന്ന് മൺതിട്ടകൾ രൂപം കൊണ്ട് ഈ ഭാഗം അടഞ്ഞു.