kodakara-case

തൃശൂര്‍∙ കൊടകര കുഴല്‍പണക്കേസിൽ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്റെ ഡ്രൈവറുടെയും സഹായിയുടെയും മൊഴി. ധര്‍മരാജനെ അറിയാമെന്നും പലവട്ടം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നും ഇരുവരും മൊഴി നല്‍കി. ഇന്നു തൃശൂരിൽ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയിലാണ് ധർമ്മരാജനെ പരിചയമുണ്ടെന്ന് സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും പറഞ്ഞത്.

സുരേന്ദ്രന്റെ സെക്രട്ടറി ദിപിനേയും ഡ്രൈവര്‍ ലിബീഷിനേയുമാണ് ഇന്ന് ചോദ്യം ചെയ്തത്. സുരേന്ദ്രനും ധര്‍മരാജനെ അറിയാം. ചില പ്രചാരണ സാമഗ്രികള്‍ ധര്‍മരാജനെ ഏല്‍പ്പിച്ചിരുന്നുവെന്നും പലവട്ടം ഇയാളെ ഫോണിൽ വിളിച്ചിരുന്നുവെന്നുമാണ് ഇവർ മൊഴി നൽകിയത്. സുരേന്ദ്രന് ധർമ്മരാജനെ പരിചയമുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും മൊഴിയിൽ പറയുന്നു.

കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ എല്ലാവരും ഒരേ മൊഴിതന്നെ നൽകുന്നതിനാൽ ഇത് പൊലീസ് മുഖവിലയ്ക്കെടുക്കാനുളള സാദ്ധ്യത കുറവാണ്. എല്ലാവരും കൂടിയാലോചിച്ച് മൊഴി നല്‍കുന്നു എന്ന സംശയത്തിലാണ് പൊലീസ്. ഇരുവരേയും ഏകദേശം രണ്ടു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്.