പൂത്തോട്ട: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട 1103 ാം നമ്പർ ശാഖ മുൻ പ്രസിഡന്റും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജരുമായിരുന്ന പതിക്കാട്ടിൽ കെ.എസ്.സദാനന്ദൻ (92) നിര്യാതനായി. കൊവിഡ് ചികിത്സയിലിരിക്കെ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു മരണം. സംസ്കാരം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ നടത്തി.
1984 മുതൽ 2006 വരെ പൂത്തോട്ട ശാഖാ പ്രസിഡന്റായിരുന്നപ്പോഴാണ് ശാഖയുടെ കീഴിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ദീർഘകാലം ഡൽഹിയിലും മുംബയിലും വിവിധ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷം തിരിച്ചെത്തിയ സദാനന്ദൻ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളിൽ വിപുലമായ വ്യക്തിബന്ധത്തിനും ഉടമയായിരുന്നു.
കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ റിട്ട.പ്രിൻസിപ്പലും കാഞ്ഞിരമറ്റം തയ്യടയിൽ പരേതനായ വേലു വൈദ്യരുടെ മകളുമായ കമലാക്ഷിയാണ് ഭാര്യ. മക്കൾ: ബിജു ആനന്ദ്, താജു ആനന്ദ് (ഇരുവരും ബിസിനസ്), മരുമക്കൾ: ശ്രീജ (ടീച്ചർ, കെ.പി.എം.ഹയർ സെക്കൻഡറി സ്കൂൾ, പൂത്തോട്ട), സ്വപ്ന (അരാംകോ, സൗദി അറേബ്യ)