ന്യൂഡൽഹി: കൊവിഡിനെ നേരിടുവാൻ രാഷ്ട്രത്തെ സജ്ജമാക്കേണ്ടിയിരുന്ന സമയം പ്രധാനമന്ത്രിയും സർക്കാരും തങ്ങളുടെ ഇമേജ് വർദ്ധിപ്പിക്കുവാനുളള തിടുക്കത്തിലായിരുന്നുവെന്ന് കോൺഗ്രസ്സ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ജനങ്ങൾ പ്രാണവായുവിനായി തെരുവിൽ അലയുന്ന ഈ അവസരത്തിൽ പ്രധാനമന്ത്രിക്കു വേണ്ടിയുളള പുതിയ വീട് പണിയാനും പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിനുമാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പ്രിയങ്കാ പറഞ്ഞു.
"കഴിഞ്ഞ വർഷം സെപ്തംബറിൽ പ്രധാനമന്ത്രി പറഞ്ഞത് രാജ്യത്ത് 2,27,972 ഓക്‌സിജൻ ബെഡ് ഉണ്ടെന്നാണ്.എന്നാൽ യഥാർത്ഥ കണക്കുകൾ പുറത്തു വന്നപ്പോൾ അത് വെറും 1,57,344 ബെഡുകൾ മാത്രമായി. ഇത് മോദി അവകാശപ്പെട്ടതിൽ നിന്നും 36 ശതമാനം കുറവാണ്," പ്രിയങ്ക ചൂണ്ടിക്കാട്ടുന്നു.
"വെന്റിലേറ്റർ ബെഡുകളുടേയും ഐസിയു ബെഡുകളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.
ഐസിയു ബെഡുകളുടെ കണക്കിൽ 46 ശതമാനവും വെന്റിലേറ്ററുകളുടെ കണക്കിൽ 28 ശതമാനവും
കുറവാണ് കാണപ്പെട്ടത്," പ്രിയങ്ക കൂട്ടിച്ചേർത്തു.
രാജ്യം കൊവിഡിൽ നരകികുമ്പോൾ തങ്ങൾ കൊവിഡിനെ കീഴടക്കി എന്ന വ്യാജപ്രചാരണം നടത്തി ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ തന്റെ മുഖം രക്ഷിക്കാനുളള ശ്രമത്തിലായിരുന്നു മോദിയെന്നും പ്രിയങ്ക ആരോപിച്ചു.