india-china

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെെനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഉത്തരവാദിത്തമുളള നേതാക്കൻമാരാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുവരും പ്രാപ്തരാണ്. ഒരു വിദേശ ശക്തിയും ഈ പ്രക്രിയയിൽ ഇടപെടരുത് എന്നത് പ്രധാനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന ബന്ധത്തിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അറിയാം, പക്ഷേ എല്ലായ്പ്പോഴും അയൽ രാജ്യങ്ങൾക്കിടയിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രിയുടെയും ചൈനീസ് പ്രസിഡന്റിന്റെയും മനോഭാവം എനിക്കറിയാം. അവർ വളരെ ഉത്തരവാദിത്തമുള്ളവരാണ്. പരസ്പരം ആത്മാർത്ഥമായി ബഹുമാനിക്കുന്നു. അവർക്ക്, തങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ഏതു പ്രശ്‌നത്തിനും പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നതായും പുടിൻ പറഞ്ഞു.

ഇന്ത്യ, യു.എസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിനെ പുടിൻ പരസ്യമായി വിമർശിച്ചു. ഏതെങ്കിലും രാഷ്ട്രം എങ്ങനെ ഒരു സംരംഭത്തിൽ പങ്കെടുക്കണമെന്ന് വിലയിരുത്തേണ്ടത് മോസ്കോയിൽ അല്ല. മറ്റു രാജ്യങ്ങളുമായി ബന്ധം വളർത്തിയെടുക്കണം. എന്നാൽ അത് മറ്റുളളവരുമായി ശത്രുത വളർത്തിയെടുക്കുന്നത് ലക്ഷ്യമാക്കി കൊണ്ടാകരുതെന്നും പുടിൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുമായുളള റഷ്യയുടെ പങ്കാളിത്തത്തിലും മോസ്കോയും ബെയ്ജിം​ഗും തമ്മിലുളള ബന്ധത്തിലും വെെരുദ്ധ്യങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ വര്‍ധിച്ചുവരുന്ന ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ക്വാഡ് സഖ്യം രൂപംകൊണ്ടത്. ചൈനയാണ് പ്രധാനമായും ഈ സഖ്യത്തെ വിമര്‍ശിക്കുന്നത്. സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടിയുള്ള സമഗ്ര സംഭാഷണത്തിന് ക്വാഡ് ഭീഷണിയാവുമെന്ന് റഷ്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.