ശ്രീനഗർ: പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നാല് വയസുകാരിയുടെ ശരീരാവശിഷ്ടങ്ങൾ കാട്ടിൽ നിന്നുലഭിച്ചു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലാണ് സംഭവമുണ്ടായത്. ആദാ ഷക്കീൽ എന്ന പെണ്‍കുട്ടിയെ വ്യാഴാഴ്ചയാണ് കാണാതായത്.
പൊലീസും ബന്ധുക്കളും പരിസരവാസികളും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
വെള്ളിയാഴ്ച പകൽ സമീപത്തെ വനപ്രദേശത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ ഉന്നത പൊലീസ് - വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.