കോഴിക്കോട്: വയനാട് മുട്ടിൽ നടന്നത് ഈട്ടിമരം കൊള്ളയാണെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. കൊള്ള നടത്തിയവരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കോഴിക്കോട് പ്രസ് ക്ളബ്ബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വന്നത്. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല. പട്ടയ ഭൂമിയിൽ നിന്നാണ് മരം മുറിച്ചതെന്ന വാദം റവന്യൂ മന്ത്രിയുമായി ഉടൻ ചർച്ച നടത്തും. വനംകൊള്ള റിപ്പോർട്ട് ചെയ്ത റേഞ്ച് ഓഫീസറെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥൻ തന്നെ കാണാൻ വന്നത് ആവശ്യപ്പെടാതെയാണ്. വിവാദത്തിൽപ്പെട്ടയാളാണെന്ന് അറിഞ്ഞിരുന്നില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷിയിടങ്ങളിലെ കാട്ടുമൃഗശല്യം തടയാൻ കർഷകരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികളുടെ രൂപീകരണം സജീവമാക്കും. കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുന്ന നയത്തിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.