ലണ്ടൻ: കൊവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് 10 മാസം വരെ രോഗബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് തെളിയിക്കുന്ന പുതിയ പഠനഫലം പ്രസിദ്ധീകരിച്ചു. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെ വിദഗ്ധർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. കൊവിഡ് ബാധിച്ചവരുടെ ശരീരത്തിൽ 10 മാസം വരെ വൈറസിനെതിരെയുള്ള ആന്റിബോഡികൾ ഉണ്ടാകുമെന്നാണ് പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.മെഡിക്കൽ ജേർണലായ ലാൻസെറ്റ് ഹെൽത്തി ലോംഗിവിറ്റിയിലാണ് ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്
ഇംഗ്ലണ്ടിലെ കെയർ ഹോമിലെ കൊവിഡ് ബാധിച്ചു ഭേദമായ താമസക്കാരെയും ജീവനക്കാരെയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ രോഗബാധിതരായ കെയർ ഹോമിലെ 682 പേരിലാണ് പഠനം നടത്തിയത്. ഒരിക്കൽ കൊവിഡ് ബാധിച്ചവർക്ക് 10 മാസത്തേക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത അണുബാധ ഉണ്ടാകാത്തവരെ അപേക്ഷിച്ച് 85 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ. 1500 ഓളം വരുന്ന കൊവിഡ് മുക്തരായ ജീവനക്കാരിൽ നടത്തിയ പഠനത്തിൽ ഇവർക്ക് രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത 60 ശതമാനം കുറവാണെന്നും കണ്ടെത്തി.