ഒരു ദിവസത്തെ ഉത്പാദനം 50 ലിറ്റർ
ലിറ്ററിന് വില 2200 രൂപ
കോട്ടയം: നാട്ടിൽ വിദേശമദ്യം കിട്ടാതായതോടെ പൊന്തൻപുഴ വനത്തിലെ ചാരായവാറ്റിന്റെ സ്പീഡ് കൂടി. അതോടെ വ്യാവസായികാടിസ്ഥാനത്തിലായി വാറ്റ്. 12 അംഗ സംഘത്തിനാണ് ചാരായ വാറ്റിന്റെ നേതൃത്വം. 50 ലിറ്റർ ചാരായമാണ് പ്രതിദിനം വാറ്റിയെടുക്കുന്നത്. ലിറ്ററിന് 2200 രൂപ നിരക്കിനാണ് കച്ചവടം. കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കാണ് ചാരായത്തിന്റെ പ്രധാന ഒഴുക്ക്. കാറുകളിലും ബൈക്കുകളിലുമായിട്ടാണ് രാത്രിയിൽ ചാരായം കടത്തിയിരുന്നത്.
ജില്ലാ പൊലീസ് മേധാവി ഡി.ശില്പക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വനത്തിൽ പരിശോധന നടത്തിയെങ്കിലും കാര്യമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. 120 ലിറ്റർ കോട നശിപ്പിച്ച ശേഷം പൊലീസ് സംഘം മടങ്ങുകയായിരുന്നു.
പരിശോധന തകൃതി നിർമ്മാണം അതിലും തകൃതി
മണിമല, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിൽ മൂന്ന് ലിറ്റർ ചാരായവും 150 ലിറ്റർ കോടയും കണ്ടെടുത്തിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ചാമംപതാൽ വടക്കേകുഴിക്കുന്നേൽ ഷാജിയെ (58) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും മണിമല, പള്ളിക്കത്തോട് പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ദിവസം മണിമല പൊലീസ് സ്റ്റേഷൻ പരിധിയിൽ ചങ്ങനാശേരി സ്വദേശികളായ ജാക്സൺ ഫിലിപ്പ് ( 28), അരുൺ ഫിലിപ്പ് (26) എന്നിവരും പിടിയിലായിരുന്നു. പത്ത് ദിവസത്തിനിടെ മണിമലയിൽ നിന്ന് മാത്രം അഞ്ച് ലിറ്റർ ചാരായവും 300 ലിറ്റർ കോടയുമാണ് പൊലീസ് പിടിച്ചെടുത്തത്.
വിൽപ്പനയ്ക്ക് തയ്യാറാക്കിവച്ചിരുന്ന രണ്ടരലിറ്റർ വാറ്റുചാരായവുമായി പാമ്പാടിയിൽ യുവാവ് എക്സൈസിന്റെ പിടിയിലായതും കഴിഞ്ഞ ദിവസമാണ്. കൂരോപ്പട ളാക്കാട്ടൂർ മൂങ്ങാക്കുഴിയിൽ അനീഷ് കുമാറിനെയാണ് (39) പിടികൂടിയത്. ലിറ്ററിന് രണ്ടായിരം രൂപയ്ക്കാണ് ഇയാൾ ചാരായവിൽപ്പന നടത്തിവന്നിരുന്നത്.
പുതുപ്പള്ളിയിൽ വീട് കേന്ദ്രീകരിച്ചായിരുന്നു ചാരായം നിർമ്മാണം. അരലിറ്റർ ചാരായവും 60 ലിറ്റർ കോടയും എക്സൈസ് പിടിച്ചെടുത്തു. അരുൺ നിവാസിൽ ഉല്ലാസിന്റെ വീട്ടിലായിരുന്നു ചാരായവാറ്റ് നടന്നത്. ഉല്ലാസ് വീട്ടിലില്ലിതിരുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തനായില്ല. എക്സൈസ് ഇൻസ്പെക്ടർ അമൽരാജിന്റെ നേതൃത്വത്തിലായിരുന്നു
പരിശോധന. പ്രിവന്റീവ് ഓഫീസർ രാജീവൻ പിള്ള, സിവിൽ എക്സൈസ് ഓഫീസർമാരായ ജീമോൻ, ലാലു തങ്കച്ചൻ, ജോസഫ് തോമസ്, ഡ്രൈവർ അനിൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.