കോന്നി : നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് യുവാവ് മരിച്ചു. കോന്നി മങ്ങാരം പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ ആചാരിയുടെയും മാധവിയുടെയും മകൻ അരുൺ കൃഷ്ണൻ (സുനി-31) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ മരങ്ങാട് ജംഗ്ഷന് സമീപം ജിൻസ് വില്ലയിൽ ജോസ് നിർമ്മിക്കുന്ന വീട് കോൺക്രീറ്റ് ചെയ്തതിന്റെ തട്ട് ഇളക്കുന്നതിനിടെയായിരുന്നു അപകടം
കരാറുകാരൻ കൂടിയായ ജോസ് വില്പനയ്ക്കായാണ് വീട് പണിയുന്നത്. ഒരാഴ്ച പിന്നിടും മുമ്പേ തട്ട് പൊളിച്ചതാണ് തകർച്ചയ്ക്ക് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. തട്ട് താങ്ങി നിറുത്തിയിരുന്ന ഇരുമ്പ് തൂണുകൾ മാറ്റിയപ്പോൾ കോൺക്രീറ്റ് തകർന്നു വീണു. ചുമരിനും കോൺക്രീറ്റ് പാളിക്കുമിടയിൽ കുടുങ്ങിയ അരുണിന്റെ കാൽ മാത്രമാണ് പുറത്തുണ്ടായിരുന്നത്. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഖിലാണ് സഹോദരൻ.