മനുഷ്യനെ വളരെയധികം ആകർഷിച്ചിട്ടുള്ള ഒരു ഫംഗസാണ് കൂൺ. പല നിറങ്ങളിൽ നമ്മുടെ വീട്ടുമുറ്റത്തുകാണുന്ന ഇവ ഒട്ടനവധി ആളുകളുടെ ജീവിതമാർഗം കൂടിയാണ്, എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ലെന്നതും നാം ശ്രദ്ധിക്കേണ്ട കാര്യമാണ്. സൂക്ഷിച്ച് വേണ്ട മുൻകരുതലുകൾ എടുക്കാതിരുന്നാൽ ഒരു പക്ഷേ മരണം വരെ സംഭവിക്കാം. പല ഭക്ഷ്യവിഷബാധകളുടെ വാർത്തകൾ ദിവസം നാം കണ്ടുവരുന്നതാണല്ലോ. ഏറ്റവും എളുപ്പത്തിൽ ഇത്രയധികം പോഷകഗുണമുള്ള ഒരു കൃഷി കൂൺകൃഷി തന്നെയാണ്.കൂൺകൃഷിയിൽ കൂൺ വിത്ത് മുളച്ചുപൊന്തി വളർച്ചയുടെ വിവിധഘട്ടങ്ങളിലെത്താനുള്ള പരിസ്ഥിതി ഒരുക്കുകയാണ് ഒരു കർഷകൻ ചെയ്യുന്നത്. വെളിച്ചം കടക്കാത്ത സ്ഥലത്താണ് കൂൺ കൃഷി ചെയ്യേണ്ടത്. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കൂൺ വിത്തുകൾ വാങ്ങുന്നതാണ് അനുയോജ്യം.
അണുനശീകരണം
കൂണുകളിൽ പാൽകൂൺ, ചിപ്പികൂൺ എന്നിവയാണ് സജീവമായി കൃഷിചെയ്തുവരുന്നത്. കൃഷി ചെയ്യുന്നതിനുമുമ്പ് കട്ടിയുള്ള മഞ്ഞനിറത്തിൽ ഉണങ്ങിയ വൈക്കോൽ, റബ്ബർ, മരപ്പൊടി എന്നിവ പുതിയതും അണുവിമുക്തവുമാക്കി എളുപ്പത്തിൽ 7 - 12 മണിക്കൂർ കുതിർത്ത് 20 - 30 മിനിട്ട് വരെ വെള്ളത്തിൽ തിളപ്പിക്കണം. കൂടാതെ അണുനശീകരണം പൂർണമാക്കാൻ ബാവിസ്ടിൻ ഫോർമാലിൻ മിശ്രിതം 75 ppm + 500 ppm (parts per million) എന്ന തോതിൽ എടുത്ത് 16-18 മണിക്കൂറെങ്കിലും മുക്കിവയ്ക്കണം. ഈർപ്പമില്ലാത്ത മാദ്ധ്യമമായിരിക്കണം. കാരണം ഈർപ്പത്തിന്റെ സാന്നിദ്ധ്യം രോഗകീടബാധ കൂട്ടുന്നു. മഴക്കാലത്തും ഇതേ സാഹചര്യം ഉണ്ടാകുന്നു.
ഹൈടെക്ക് മഷ്റൂം കൾട്ടിവേഷൻ
ഇന്ന് മികച്ച രീതിയിലുള്ള കൂൺ കൃഷികളിലൊന്നാണ് ഇത്. ടിഷ്യൂ കൾച്ചർ മാതൃകയിലാണ് ഹൈടെക്ക് മഷ്റൂം കൾട്ടിവേഷൻ ചെയ്യുന്നത്. കൂൺ കൃഷിക്ക് ഉണക്കിയ വൈക്കോൽ, ചകിരിച്ചോറ് എന്നിവ ശുദ്ധജലത്തിലിട്ട് വച്ചശേഷം ആവിയിൽ പുഴുങ്ങണം. ഇത് തറയിൽ വെള്ളം വാർന്നുപോക്കാനായി വിതറിയിടണം. ശേഷം തടം തയ്യാറാക്കുന്നു. ചെറു ഈർപ്പത്തോടെ എന്നാൽ മുറുക്കിപ്പിഴിഞ്ഞാൽ ഒരുതുള്ളി വെള്ളം പോലും വീഴാതിരിക്കുകയും ചെയ്യുന്നഅവസ്ഥയിൽ ഒരു ബെഡ്ഡായി തയ്യാറാക്കിയ ശേഷമാണ് വിത്ത് പാകേണ്ടത്. വിതയ്ക്കുന്നത് പോളിത്തീൻ കവറുകളിലാണ്. രണ്ടിഞ്ച് കനത്തിൽ കുറയാതെ വൈക്കോൽ ബെഡായി വച്ചശേഷം ഒന്നൊതുക്കി കൂൺവിത്തുകൾ തരിതരിയായി വിതറുന്നു. വിതറുമ്പോൾ മദ്ധ്യത്തിലാവാതെ മൂലകളെ കേന്ദ്രീകരിച്ച് കട്ടിയില്ലാത്ത രീതിയിൽ 6 തവണ വരെ ബാഗുകളിൽ വിത്ത് വിതറാം.
അണുബാധയുള്ള തടങ്ങൾ
വിതയ്ക്കൽ അവസാനിച്ചാൽ കവറിന്റെ തുറന്ന ഭാഗം നല്ലവണ്ണം മൂടിക്കെട്ടി വൃത്തിയുള്ള ആണികൊണ്ട് പത്ത് ഇരുപത് സുഷിരങ്ങൾ ഇടണം. ശേഷം നല്ല വായുസഞ്ചാരവും ആർദ്രതയുള്ള മുറികളിൽ തൂക്കിയിടാം. തറയിൽ ചരലോ മണലോ നിരത്തി കൂൺമുറി ഒരുക്കാം. ദിവസേന വൃത്തിയാക്കുന്ന കൂട്ടത്തിൽ അണുബാധ ആരംഭിച്ച തടങ്ങൾ അതത് സമയം തന്നെ നീക്കണം. വളർച്ച പ്രാപിച്ച കൂണുകളുടെ വിളവെടുപ്പ് കഴിഞ്ഞാൽ വിളയുടെ അവശിഷ്ടങ്ങൾ മാറ്റി വൃത്തിയാക്കി ബ്ലീച്ചിംഗ് പൗഡർ ലായനി തളിച്ച് മുറി ശുചിയാക്കണം.
ഇങ്ങനെ ചെയ്താൽ പോലും ഈച്ചയും വണ്ടും കൂൺ മുറിയിൽ വരാറുണ്ട്. ഇതിനെ അകറ്റിനിറുത്താൻ മുറിയുടെ ജനാലകൾ,വാതിൽ മറ്റ് തുറസായ സ്ഥലങ്ങൾ എന്നിവ 25-40 മെഷ് വലകൊണ്ട് അടക്കണം. ശേഷം മുറിക്കകത്തും നിലത്തും ആഴ്ചയിൽ രണ്ട് തവണയെങ്കിലും വേപ്പെണ്ണ സോപ്പ് മിശ്രിതം തളിക്കണം. കൃഷി അവസാനിച്ചാൽ തടങ്ങൾ മാറ്റി കൂൺ മുറി പുകയ്ക്കണം. 1.5 ശതമാനം ഫോർമാലിനോ ഫോർമാലിൻ പൊട്ടാസ്യം പെർമാംഗനൈറ്റ് മിശ്രിതമോ ഉപയോഗിക്കാം. വളർച്ചയെത്തിയ കൂണുകളെ 20-50 ദിവസങ്ങൾക്കകം വിളവെടുപ്പ് നടത്താവുന്നതാണ്. അങ്ങനെ 55-75 ദിവസങ്ങളിൽ 3 തവണ വരെ വിളവെടുപ്പ് നടത്താവുന്നതാണ്.
ശ്രദ്ധിക്കേണ്ടവ
വീടിനുള്ളിലെ മുറിയിലോ, ടെറസ്സിൽ ടാർപോളീൻ,ഷെഡ് നെറ്റ് തുടങ്ങിയവ കൊണ്ട മറച്ച രീതിയിലും ഈ വിള സമൃദ്ധമായി കൃഷി ചെയ്യാവുന്നതാണ്.
* കൂണുകൾ പലയിനമാണ് കൃഷിക്കായി ലഭിക്കുന്നത്. പാൽ കൂൺ ജൂൺ ഡിസംബർ കാലയളവിലും ചിപ്പി കൂൺ ജനുവരി മേയ് മാസങ്ങളിൽ ഉള്ള വേനൽക്കാലത്തും വളർത്താം.
* ചിപ്പി കൂണിന്റെ തന്നെ അഞ്ചിനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നുണ്ട്. 18-22 ദിവസങ്ങൾക്കുള്ളിൽ ഫ്ളൂറോട്ടസ്, ഫ്ലോറിഡയും ചാരനിറമുള്ള ഫ്ലൂറോട്ടസ് ഇയോസ്സ 22-25 ദിവസം കൊണ്ടും വിളവ് തരുന്നു. പ്ളൂറോട്ടസ് ഫ്ളോറിഡയാണ് കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത്. കലോസിബയും ജംബൊസയും കേരളത്തിൽ ഒരു തുടർകൃഷിക്ക് അനുയോജ്യമായ പാൽകൂണിന്റെ ഇനങ്ങളാണ്. ഒരു തടത്തിന് 2-3 കിലോ വൈക്കോൽ വേണ്ടിവരുന്നു. ഒരു തിരിക്ക് (തടം) 20-30 രൂപയാണ് വില. 200 - 200 ഗ്രാം വരെയാണ് ഒരു പാക്കറ്റ് വിത്തിന് വേണ്ട വൈക്കോൽ. മൊത്തത്തിൽ വാങ്ങുമ്പോൾ 20-40 രൂപവരെ ചെലവ് വരുന്നു. ഉദ്ദേശം 60-70 രൂപവരെയാണ് ഒരു കിലോയ്ക്ക് ഉല്പാദന ചെലവ് വരുന്നത്. ചിപ്പി കൂണായാലും പാൽകൂണായാലും ഒരു കിലോയ്ക്ക് 300 രൂപ നിരക്കിലാണ് വില്പന നടക്കുന്നത്. കുറഞ്ഞത് 200 രൂപവരെ കിലോ കൂണിന് ലാഭം ലഭിക്കുന്നു.