ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ - നവംബർ മാസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ വേദി ഇന്ത്യയിൽ നിന്ന് മാറ്റി യു.എ.ഇയിലും ഒമാനിലുമായി നടത്താൻ ആലോചന.
ഇക്കാര്യത്തിൽ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനോട് ബി.സി.സി.ഐ സമ്മതം അറിയിച്ചതായാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനം കൂടിയതിനാൽ ഇന്ത്യയിൽ ലോകകപ്പ് നടത്താൻ ഐ.സി.സിക്ക് അതൃപ്തിയുണ്ടെങ്കിലും തീരുമാനമെടുക്കാൻ ബി.സി.സി.ഐയ്ക്ക് ജൂൺ 28 വരെ സമയം അനുവദിച്ചിട്ടുണ്ട്. കോവിഡ് മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ ഒക്ടോബർ-നവംബർ മാസങ്ങളിൽ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യവും ഐ.സി.സിയെ അലട്ടുന്നുണ്ട്. ഇതിനാൽത്തന്നെയാണ് ബിസി.സി.ഐ സമ്മതം അറിയിച്ചതെന്നാണ് വിവരം.
ഐ,പി.എല്ലിന് പിന്നാലെ ലോകകപ്പും കൂടി വരുമ്പോൾ യു.എ.ഇയിലെ വേദികൾക്ക് അറ്റകുറ്റ പണികൾ ആവശ്യമുണ്ട്. അതിനാലാണ് ആദ്യഘട്ട മത്സരങ്ങൾ ഒമാനിലെ മസ്കറ്റിൽ നടത്താൻ ആലോചിക്കുന്നത്.