തിരുവനന്തപുരം: കൊടകര കുൽപ്പണക്കേസിൽ തനിക്കും പാർട്ടിക്കുമെതിരെ ആരോപണം ഉന്നയിച്ച കോൺഗ്രസ് നേതാവ് കെ. മുരളീധരന് മറുപടി നൽകി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹെലികോപ്റ്റർ ഉപയോഗിച്ചതിന്റെ ചെലവ് തിരഞ്ഞെടുപ്പ് കമ്മിഷന് ബി.ജെ.പി കൊടുത്തുകൊള്ളാം. സ്റ്റാർ ക്യാംപയിനേഴ്സ് പട്ടികയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടുത്തിയവരുടെ ചെലവ് സ്ഥാനാർത്ഥിയുടെ കണക്കിൽ വരില്ലെന്ന സാമാന്യ വിവരം അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കാമായിരുന്നുവെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇനി പണം കടത്തിയിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥരും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും എല്ലാ ഹെലിപ്പാഡുകളിലും പരിശോധനയ്ക്കായി കാത്തിരുന്നിരുന്നു എന്ന വസ്തുതയെങ്കിലും അറിയണമായിരുന്നു. മോദിക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ഗൾഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളിൽ നിന്ന് താങ്കൾ പത്തുകോടിയിലധികം പിരിച്ചു എന്നാണ് കോൺഗ്രസിലെ ഉപശാലാ കണക്കപ്പിള്ളമാർ പറയുന്നത്. അതിൽ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്നും കരക്കമ്പി കേൾക്കുന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുരളീധരൻ ലക്ഷ്യം വെച്ചത് എന്നെയോ ബി.ജെ.പിയെയോ അല്ലെന്ന് വ്യക്തമാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് പിന്നെ കർണ്ണാടക പി.സി.സി വഴി കേരളത്തിലേക്കുവന്ന കോടികൾ താനറിഞ്ഞില്ലെന്ന് പാർട്ടിക്കുള്ളിൽ ഉന്നയിച്ച ആരോപണം പുറത്തേക്കുവരട്ടെ എന്നതായിരിക്കും ലക്ഷ്യം. ഇതു മനസിലാക്കാൻ ഏതായാലും വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടിവരില്ല. ഉമ്മൻ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരേയും കെ.സി. വേണുഗോപാൽ വഴി രാഹുലിനെയും ഉന്നം വെച്ചുള്ള ആരോപണമായിരുന്നു മുരളീധരന്റേതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.