തിരുവനന്തപുരം: ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്ന സുമിത് മാലിക് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും അദ്ദേഹത്തിനോട് വിശദീകരണം തേടുമെന്നും റസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ സെക്രട്ടറി ജനറൽ വി.എൻ. പ്രസൂദ് പറഞ്ഞു. സുമിത് താത്കാലികമായി സസ്പെൻഷനിലാണ്. ബി സാമ്പിൾ പരിശോധനയിൽ കൂടി പരാജയപ്പെട്ടാൽ സുമിതിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാകില്ല. വലിയ വിലക്കും വരും.
സുമിതിന് ഒളിമ്പിക്സിൽ പങ്കെടുക്കാനാകാതെ വിലക്ക് വന്നാൽ 125 കിലോഗ്രാം വിഭാഗത്തിൽ മറ്റൊരു ഇന്ത്യൻ താരത്തെ അയക്കാൻ കഴിയില്ലെന്നത് രാജ്യത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. ഉത്തേജക മരുന്നുകൾ ഒരു തരത്തിലും ഉപയോഗിക്കരുതെന്നും ഫെഡറേഷൻ എല്ലാ താരങ്ങൾക്കും കൃത്യമായ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തേജക മരുന്നുകൾ ഉപയോഗിച്ചാൽ ഒരു താരത്തിനും പിന്തുണ നൽകില്ലെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ എക്സിക്യൂട്ടിവ് മെമ്പർ കൂടിയായ പ്രസൂദ് പറഞ്ഞു.