crime

അങ്കമാലി: പിക്കപ്പ് വാനിൽ കടത്തി​യ രണ്ടു കിലോ എം.ഡി.എം.എ രാസ മയക്കുമരുന്നുമായി​ ചേർത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം - 29), തളിപ്പറമ്പ് മന്ന സി.കെ.ഹൗസിൽ ആബിദ് (33) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതി​ന് രാജ്യാന്തര വിപണിയിൽ രണ്ടു കോടി രൂപ വിലവരും.

ഇന്നലെ സന്ധ്യയ്ക്ക് ഏഴു മണിക്ക് കറുകുറ്റി ദേശീയപാതയിൽ പൊങ്ങത്തു വച്ച് റൂറൽ എസ്.പി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചെന്നൈയിൽ നിന്ന് എറണാകുളത്തേക്കു കൊണ്ടുവരികയായിരുന്നു എം.ഡി​.എം.എ. പൈനാപ്പിൾ കയറ്റിപ്പോയ പിക്കപ്പ് വാനിന്റെ തിരിച്ചുള്ള ട്രിപ്പിൽ കൊണ്ടുവന്ന മയക്കുമരുന്ന് ആർക്കു വേണ്ടിയാണെന്ന് അറിവായിട്ടില്ല.

മുനമ്പം കുഴുപ്പിള്ളിയിൽ വീട് വാടകയ്ക്കെടുത്ത് താമസിച്ച് മയക്കുമരുന്നു ഇടപാട് നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്.

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന് റൂറൽ എസ്.പി പറഞ്ഞു. പിടികൂടിയവരെ പ്രത്യേക കേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണ്. എ.ഡി.എസ്.പി പി.എസ്.മധുസൂദനൻ, ഡിവൈ.എസ്.പിമാരായ കെ.അശ്വകുമാർ, ടി.എസ്.സിനോജ്, എസ്.ഐ.കെ.അജിത്ത് എന്നിവരും 'ഡാൻസാഫ്' ടീമുമാണ് പരിശോധന നടത്തിയത്.