ന്യൂഡൽഹി: നടപ്പ് റാബി മാർക്കറ്റിംഗ് സീസണിൽ (ആർ.എം.എസ്) ഗോതമ്പ് സംഭരിക്കുന്നതിന്റെ ഭാഗമായി 76,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്രം നേരിട്ട് വിതരണം ചെയ്തു. ആദ്യമായി പഞ്ചാബിലെ കർഷകർക്ക് 26,000 കോടിയിലധികം രൂപ നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ ലഭിച്ചപ്പോൾ 16,700 കോടി രൂപ ഹരിയാനയിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് കെെമാറി.
താങ്ങുവിലയുടെ (എം.എസ്.പി) നേരിട്ടുളള കൈമാറ്റം നടപ്പിലാക്കുന്ന അവസാന രണ്ട് സംസ്ഥാനങ്ങളാണ് പഞ്ചാബും ഹരിയാനയും. ഇതോടെ ഇപ്പോൾ ഓൺലൈൻ പേയ്‌മെന്റ് സംവിധാനം രാജ്യത്തുടനീളം സാർവത്രികമായി. "ഒരു രാഷ്ട്രം, ഒരു എം.എസ്.പി, ഒരു ഡി.ബി.ടി (ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ)" എന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിച്ചത്.
81,200 കോടി രൂപയുടെ എം.എസ്.പി മൂല്യമുളള ആർ.എം.എസ് സംഭരണ പ്രവർത്തനങ്ങളിൽ നിന്നും 44.4 ലക്ഷം കർഷകർക്ക് നേട്ടമുണ്ടായതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. ഒരു ദിവസം വളരെയധികം ഇടപാടുകൾ നടക്കുന്നതിനാൽ ഈ തുക കർഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റാൻ രണ്ട് മുതൽ മൂന്ന് ദിവസം വരെയെടുക്കും. പുറത്തിറക്കിയതോ പ്രതിഫലം കൊടുത്തതോ ആയ തുകയിലുളള വ്യത്യാസം ദിവസങ്ങൾക്കുളളിൽ പരിഹരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവിലെ ഗോതമ്പ് സംഭരണ ലക്ഷ്യം ആറു ലക്ഷം ടൺ വർദ്ധിപ്പിച്ച് 433 ലക്ഷം ടണ്ണായി സർക്കാർ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും എക്കാലത്തെയും ഉയർന്ന സംഭരണമാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. കഴിഞ്ഞ വർഷം ആർ.എം.എസ് സമയത്ത് ഗോതമ്പ് സംഭരണം 390 ലക്ഷം ടൺ ആയിരുന്നു.