k-surendran

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണമഴിച്ചുവിട്ടുവെന്ന് ആരോപിച്ച് കൊല്ലം സ്വദേശി വിനയ് മൈനാഗപ്പള്ളിക്കെതിരെ യുവമോർച്ചാ പ്രവർത്തകർ പൊലീസിൽ പരാതി നൽകി. കണ്ണൂർ ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം അങ്കമാലി മണ്ഡലം പ്രസിഡന്റ് അജേഷ് പാറക്ക എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

ഇരുന്നൂറോളം പേർ അംഗങ്ങളായിട്ടുള്ള '4th Estate Travancore" എന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ വിനയ് ഈ ഗ്രൂപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ വഴിയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചു എന്നാണ് യുവമോർച്ച നേതാക്കൾ പരാതിപ്പെടുന്നത്. ഇതിലൂടെ പാർട്ടിയെയും പാർട്ടിയിലെ നേതാക്കളെയും സമൂഹത്തിന് മുമ്പിൽ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ് വിനയ് ചെയ്തതെന്നും യുവമോർച്ച പറയുന്നു.

കെ സുരേന്ദ്രനും പാർട്ടിയിലെ മറ്റ് നേതാക്കളും നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട്‌ കൈക്കലാക്കാൻ വേണ്ടി പ്രവർത്തിച്ചുവെന്നും ഇതിലൂടെ പാർട്ടി അദ്ധ്യക്ഷന്റെ അക്കൗണ്ടിലേക്ക് 100 കോടി രൂപ വന്നുവെന്നുമുള്ള വിനയ് മൈനാഗപ്പള്ളിയുടെ ആരോപണം തികച്ചും വാസ്തവവിരുദ്ധമാണെന്നും യുവമോർച്ച തങ്ങളുടെ പരാതിയിൽ അറിയിക്കുന്നു. സമൂഹത്തിൽ അരാജകത്വവും സംഘർഷവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതരായ വ്യക്തികൾക്കെതിരെ വ്യാജവും അപകീർത്തികരവുമായ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തിയാണ് വിനയ് എന്നും പരാതിയിൽ ആരോപണമുണ്ട്.