തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷ സ്ഥാനത്തേക്ക്, ആരുടേയും പേര് നിര്‍ദേശിക്കാതെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും. അദ്ധ്യക്ഷന്‍റെ കാര്യത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നടത്തുന്ന അഭിപ്രായം തേടല്‍ കണ്ണില്‍ പൊടിയിടാനാണന്നാണ് എ,ഐ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ ആശയവിനിമയം പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കണമെന്നാണ് ഹൈക്കമാൻഡ് നിർദേശം.
ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങി പ്രധാന നേതാക്കളോടെല്ലാം താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഹൈക്കമാന്‍ഡിന് എന്ത് തീരുമാനം വേണമെങ്കിലും എടുക്കാമെന്നായിരുന്നു എല്ലാവരുടേയും മറുപടി. ഹൈക്കമാന്‍ഡ് തീരുമാനം എടുത്തുകഴിഞ്ഞ ശേഷമാണ് തങ്ങളോട് സംസാരിക്കുന്നത് എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു നേതാക്കളുടെ നിസഹകരണം. മാത്രമല്ല ഏതെങ്കിലും പേര് നിര്‍ദേശിച്ചാല്‍ പ്രതിപക്ഷനേതാവിന്‍റെ കാര്യത്തിലെന്നപോലെ ഉമ്മന്‍ചാണ്ടിയും രമേശും വീണ്ടും പരിഹാസ്യരാകും.
കേരളത്തിലെ നേതാക്കളെ വിശ്വാസത്തിലെടുത്ത് തീരുമാനിക്കാനായിരുന്നെങ്കില്‍ താരിഖ് അന്‍വറിന് നേരിട്ടെത്തി ചര്‍ച്ച നടത്താമായിരുന്നുവെന്നും ഗ്രൂപ്പ് നേതാക്കള്‍ വിശ്വസിക്കുന്നു. പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനശ്ചിതത്വം എത്രയും വേഗം തീര്‍ക്കണമെന്ന് മുല്ലപ്പള്ളി താരിഖ് അന്‍വറിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. തന്നോട് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ അഭിപ്രായം ചോദിക്കേണ്ടതില്ലെന്നും, തീരുമാനിച്ച കാര്യങ്ങള്‍ അതേപടി നടക്കട്ടെയെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ ക്ഷോഭത്തോടെയുള്ള മറുപടി. എം പിമാരുമായും എം എല്‍ എമാരുമായും ആശയവിനിമയം പൂര്‍ത്തിയായാൽ ഉടൻ താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിനു പിന്നാലെയാകും അദ്ധ്യക്ഷനെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുക.