ന്യൂഡൽഹി: കുഴൽപ്പണ വിഷയത്തിൽ കെ സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വത്തിന്‍റെ പ്രാഥമിക നിഗമനം. ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്‍റെ പ്രാഥമിക വിലയിരുത്തൽ. കുഴൽപ്പണ ഇടപാടിലെ വീഴ്‌ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രാഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതാക്കൾ പറയുന്നത്. വിഷയം കേന്ദ്ര സർക്കാരിന്‍റെ കള്ളപ്പണവിരുദ്ധ നയത്തിന് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.
പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകര്യം ചെയ്‌തത് ദേശീയ നേതൃത്വത്തിന്‍റെ അറിവില്ലാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറിയെ പണം ഇടപാടുകൾ സമ്പന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും നേതൃത്വം നിരീക്ഷിച്ചു. ഇതോടെ കെ സുരേന്ദ്രൻ പാർട്ടിക്കുളളിൽ പ്രതിരോധത്തിലായിരിക്കുകയാണ്.
കേരളത്തിൽ പി കെ കൃഷ്‌ണദാസും എം ടി രമേശും എ എൻ രാധാകൃഷ്‌ണനുമടങ്ങുന്ന പാർട്ടിയിലെ സുരേന്ദ്ര വിരുദ്ധ ചേരി മൗനത്തിലാണ്. കുഴല്‍പ്പണ വിവാദം പാര്‍ട്ടിയുടെ വിശ്വാസ്യതയെ തന്നെ ബാധിച്ചുവെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും സമ്മതിക്കുന്നു. മാത്രമല്ല നേതൃമാറ്റം വേണമെന്ന ആവശ്യവുമായി ദേശീയ നേതൃത്വത്തിനെ സമീപിക്കാൻ ഒരു വിഭാഗം ഒരുങ്ങുകയുമാണ്.
കെ സുരേന്ദ്രൻ പ്രസിഡന്‍റ് പദത്തിലെത്തിയ ശേഷം മറു വിഭാഗത്തെ പൂർണമായും അവഗണിച്ചാണ് മുന്നോട്ടുപോയതെന്നാണ് ഇവരുടെ വാദം. എന്നാല്‍, സുരേന്ദ്രനെതിരെ തുടരെ ഉയരുന്ന ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടിയ്ക്കുള്ളിൽ നിന്നും സഹായമെത്തുന്നുവെന്ന ചിന്തയും മുരളീധരപക്ഷത്തിനുണ്ട്.