കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്‌പ്പ് കേസിൽ നടി ലീന മരിയ പോളിന്‍റെ മൊഴി ഓൺലൈൻ വഴി എടുക്കും. നേരിട്ട് ഹാജരാകാൻ കഴിയില്ലെന്ന് നടി അറിയിച്ച സാഹചര്യത്തിലാണിത്. സാമ്പത്തിക ഇടപാടുകളുടെ വിവരം സംബന്ധിച്ചാണ് നടിയിൽ നിന്ന് മൊഴിയെടുക്കുക.
അന്വേഷണ സംഘം ഇന്ന് കാസർകോട്ടേക്ക് തിരിക്കും. രവി പൂജാരിയുടെ മൊഴിയിൽ പറയുന്ന ജിയ അടക്കമുള്ള ഗുണ്ടസംഘങ്ങൾക്കായി കാസർകോട്ടേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
അതേസമയം, കേസിൽ എ ടി എസ് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഈ മാസം എട്ട് വരെയാണ് കേരള പൊലീസിന്‍റെ ഭീകര വിരുദ്ധ സേനയ്ക്ക് ചോദ്യം ചെയ്യലിനായി പ്രതിയെ വിട്ട് നൽകിയിട്ടുള്ളത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതിയുടെ അനുമതിയോടെ കഴിഞ്ഞ ദിവസം രവി പൂജാരിയുടെ ശബ്‌ദ സാമ്പിൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് തിങ്കഴാഴ്ച കോടതിയ്ക്ക് കൈമാറും. ചോദ്യം ചെയ്യൽ പൂർത്തിയാകാത്തതിനാൽ പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാനുള്ള അപേക്ഷയും അന്വേഷണ സംഘം കോടതിയ്ക്ക് നൽകും.