prabhul-patel

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിചിത്ര ഉത്തരവുമായി അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. തേങ്ങയും ഓലയും പറമ്പിലിടരുതെന്നാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ പുതിയ ഉത്തരവ്. പറമ്പില്‍ ഓലയോ തേങ്ങയോ കണ്ടാല്‍ പിഴയും ശിക്ഷയുമുണ്ടാവും.

ഖരമാലിന്യങ്ങള്‍ കത്തിക്കരുതെന്ന് പറയുന്ന ഉത്തരവിൽ പ്രത്യേക വാഹനമില്ലാതെ ഖരമാലിന്യങ്ങള്‍ കൊണ്ടുപോവാനും പാടില്ലെന്ന് പറയുന്നു. ദ്വീപ് മാലിന്യമുക്തമാക്കാനാണ് പുതിയ തീരുമാനമെന്നാണ് ന്യായീകരണം. അതേസമയം, ദ്വീപ് നിവാസികള്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കമാണ് പുതിയ ഉത്തരവിന് പിന്നിലെ ലക്ഷ്യമെന്നാണ് വിമർശനം.

ലക്ഷദ്വീപുകാരല്ലാത്തവരോട് ദ്വീപിൽ നിന്ന് മടങ്ങാൻ കൽപ്പിച്ചുകൊണ്ടുളള ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് നടപടി ആരംഭിച്ചു. ഇതോടെ മലയാളികളടക്കം ലക്ഷദ്വീപിലുള്ള ഇതരസംസ്ഥാനക്കാർക്ക് മടങ്ങേണ്ടി വരും. നിലവിൽ ദ്വീപിലുള്ള തൊഴിലാളികൾക്ക് ഒരാഴ്‌ചത്തേക്ക് പെർമിറ്റ് നൽകും.

ഡെപ്യൂട്ടി കളക്‌ടറോ ബ്ലോക്ക് ഡെവലപ്മെൻ്റ് ഒഫിസറോ ആകും ഒരാഴ്‌ചത്തേക്ക് പെർമിറ്റ് പുതുക്കി നൽകുക. അതിനുശേഷം ദ്വീപുകാരല്ലാത്തവർ മടങ്ങണമെന്നാണ് ഉത്തരവ്. വീണ്ടും ദ്വീപിലെത്തണമെങ്കിൽ എ ഡി എമ്മിന്‍റെ അനുമതി വേണം.

ഇന്നലെ മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്ന പുതിയ ചട്ടം ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. ബോട്ടിൽ സി സി ടി വി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടൽ, ​ഗോവധം നിരോധിക്കൽ, സ്‌കൂളുകളിൽ മാംസഭക്ഷണം നിരോധനം, ​ഗുണ്ടാ ആക്‌ട് നടപ്പാക്കൽ തുടങ്ങി നിരവധി ജനവിരുദ്ധ ഉത്തരവുകളാണ് അഡ്‌മിനിസ്‌ട്രേറ്റർ ഇതിനോടകം നടപ്പിലാക്കിയത്.