ന്യൂഡൽഹി: ഡൽഹി ജി ബി പന്ത് ആശുപത്രിയിലെ മലയാളം വിലക്കിനെ വിമർശിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ഹാഷ് ടാഗ് ക്യാമ്പയിൻ സജീവമാകവെ നഴ്‌സുമാരെ അനുകൂലിച്ച് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി രംഗത്ത്.
മലയാളം ഇന്ത്യയിലെ മറ്റ് ഭാഷകൾ പോലെ തന്നെയാണെന്നും ഭാഷാ വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്‌തു. വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എം പിമാർ കേന്ദ്രമന്ത്രി ഹർഷവർദ്ധന് കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ കോൺഗ്രസ് അദ്ധ്യക്ഷന്‍റെ പ്രതികരണം.
Malayalam is as Indian as any other Indian language.
— Rahul Gandhi (@RahulGandhi) June 6, 2021
Stop language discrimination! pic.twitter.com/SSBQiQyfFi
കഴിഞ്ഞ ദിവസമാണ് ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്നും മലയാളം ഉപയോഗിക്കരുതെന്നും വ്യക്തമാക്കി ജി ബി പന്ത് ആശുപത്രി സർക്കുലർ പുറത്തിറക്കിയത്. മലയാളം സംസാരിക്കുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും തീരുമാനം തെറ്റിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നുമായിരുന്നു സർക്കുലറിലുണ്ടായിരുന്നത്. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.