sundara

കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി ജെ പി നേതാക്കൾ പണം നൽകി സ്വാധീനിച്ചുവെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിൽ പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി വി വി.രമേശന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കെ സുന്ദരയുടെ വെളിപ്പെടുത്തലിനു ശേഷം രമേശൻ കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതി ബെദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

അതേസമയം, സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുക കോടതിയുടെ അനുമതിയോടെയാകും. ഇതിനായുള്ള അപേക്ഷ കാസർകോട് കോടതിയിൽ പൊലീസ് സമർപ്പിച്ചു. പരാതിക്കാരന്‍റെ മൊഴികൂടി രേഖപ്പെടുത്തിയ ശേഷമാകും കേസെടുക്കുക. പണം ലഭിച്ചുവെന്ന് വെളിപ്പെടുത്തിയ ശേഷവും സുന്ദര കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ തുടരുകയാണ്.

ഇന്നലെയാണ് സംസ്ഥാന രാഷ്‌‌ട്രീയത്തെ ഞെട്ടിപ്പിച്ച നിർണായക വെളിപ്പെടുത്തൽ സുന്ദര നടത്തിയത്. സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ 15 ലക്ഷം രൂപ ചോദിച്ചെന്നും രണ്ടരലക്ഷം ലഭിച്ചുവെന്നുമായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ അടക്കമുള്ള വാഗ്‌ദ്ധാനങ്ങൾ ഉണ്ടായിരുന്നുവെന്നും സുന്ദര വെളിപ്പെടുത്തിയിരുന്നു.