ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,14,460 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ടു മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതുവരെ 2,88,09,339 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ശനിയാഴ്ച 2677 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 3,46,756 ആയി. സജീവമായ കൊവിഡ് കേസുകളുടെ എണ്ണം തുടർച്ചയായ ആറാം ദിവസവും 20 ലക്ഷത്തിൽ താഴെയാണ്.
സജീവമായ കേസുകളുടെ എണ്ണം 14,77,799 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം 1,89,232 പേർക്കൂടി സുഖം പ്രാപിച്ചതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,69,84,781 പേരായി ഉയർന്നു. പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണം തുടർച്ചയായ 24 ദിവസമായി പുതിയ കൊവിഡ് കേസുകളേക്കാൾ കൂടുതലാണ്.
രാജ്യത്ത് ശനിയാഴ്ച 20,36,311 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 36,47,46,522 ആയി.