p-k-kunjananthan

കണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന്റെ ചരമ വാർഷികം ആഘോഷിക്കാനൊരുങ്ങി സി.പി.എം. ജൂൺ 11 ന് സി.പി.എം പാനൂർ ഏരിയ കമ്മിറ്റി ഫേസ്ബുക്ക് പേജിൽ അനുസ്മരണം സംഘടിപ്പിക്കാനാണ് തീരുമാനം. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായി ശിക്ഷ അനുഭവിക്കവെയാണ് സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന കുഞ്ഞനന്തൻ മരണപ്പെട്ടത്.

ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് സി.പി.എം പലവട്ടം ആവർത്തിച്ചപ്പോഴും കുഞ്ഞനുമായി പാർട്ടി വച്ചുപുലർത്തിയിരുന്ന അടുപ്പം ഏറെ ചർച്ചയായിരുന്നു. കൊലപാതകത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന വാദത്തിന് വേണ്ട പിൻബലം ലഭിക്കാതെ പോയതിന് കാരണവും ഈ ആത്മബന്ധമാണ്. കുഞ്ഞനന്തൻ മരണപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള സി.പി.എം നേതാക്കൾ അ​ഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ചന്ദ്രശേഖരൻ വധ കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി ശിക്ഷിച്ചത്. 2012 മേയ് നാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സി.പി.എം വിമതനും ആർ.എം.പി നേതാവുമായ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.