j-b-pant

ന്യൂഡൽഹി: ജോലി സമയത്ത് നഴ്‌സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ ജി ബി പന്ത് ആശുപത്രി പുറത്തിറക്കിയ വിവാദ ഉത്തരവ് റദ്ദാക്കി. സർക്കുലറിനെതിരെ ദേശീയതലത്തിൽ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെയാണ് സ‍ർക്കുലർ റദ്ദാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചത്.

സംഭവത്തിൽ സംസ്ഥാന സർക്കാർ നേരിട്ട് ഡൽഹി സർക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ അടിയന്തരമായി സർക്കുലർ പിൻവലിച്ച് വിശദീകരണം നൽകാൻ ഡൽഹി ആരോ​ഗ്യമന്ത്രിയുടെ ഓഫീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സർക്കുലർ പിൻവലിച്ചതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. സ‍ർക്കുലറിൽ ഒപ്പിട്ട ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകും.

വിവാദ സർക്കുലറിനെതിരെ ശക്തമായ പ്രതിഷേധമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉണ്ടായത്. ജോലി സമയത്ത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ മാത്രം ആശയ വിനിമയം നടത്തണമെന്ന സർക്കുലറിനെതിരെയായിരുന്നു പ്രതിഷേധം. ജോലി സമയത്ത് മലയാളം പല നഴ്‌സുമാരും ഉപയോഗിക്കുന്നത് ആശയ വിനിമയത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതായി പരാതി ലഭിച്ചെന്നും ഇതിനാൽ ഹിന്ദിയോ ഇംഗ്ലീഷോ മാത്രം ഉപയോഗിക്കണമെന്നുമാണ് ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിരുന്നത്.