bjp

കൊച്ചി: ബി ജെ പി കോര്‍ കമ്മിറ്റി യോഗം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടത്താനുള്ള നീക്കത്തിനെതിരെ പൊലീസ്. ലോക്ക്ഡൗണിനിടെ യോഗം നടത്തുന്നത് നിയമലംഘനമാകുമെന്നാണ് പൊലീസ് വിലയിരുത്തല്‍. യോഗത്തിന്‍റെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

കൊടകര കുഴല്‍പ്പണ കേസ് അന്വേഷണം സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിലാണ് നിര്‍ണായക കോര്‍ കമ്മിറ്റിയോഗം കൊച്ചിയില്‍ ചേരുന്നത്. യോഗത്തില്‍ പങ്കെടുക്കുന്ന ബി ജെ പി നേതാക്കള്‍ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. പന്ത്രണ്ടോളം പേർ മാത്രമാണ് യോഗത്തിനെത്തിയിരിക്കുന്നത് എന്നാണ് ബി ജെ പിയുടെ വിശദീകരണം.

കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് യോഗം ചേരുന്നതെങ്കില്‍ പൊലീസ് നോട്ടീസ് നൽകും. ലോക്ക്ഡൗണ്‍ സമയത്ത് ഹോട്ടലുകളില്‍ ഇത്തരത്തിലുള്ള യോഗം അനുവദനീയമല്ലെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, മത്സരരംഗത്ത് നിന്ന് പിന്മാറാന്‍ പണം കിട്ടി എന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ ബി ജെ പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി എസ് പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സമര്‍പ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.

171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി വി രമേശന്‍ കാസര്‍കോട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.